സിക്കിമിൽ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്




തിരുവനന്തപുരം: സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിക്കും. റോഡ് മാർഗമാണ് സിക്കിമിൽ നിന്നും മൃതദേഹം കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നത്.

കൊൽക്കത്ത വിമാനത്താവളത്തിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈൽ യൂണിറ്റ് നോർക്കയുടെ ഇടപെടലിൽ സജ്ജീകരിച്ചിട്ടുണ്ട്. എംബാം ചെയ്തു കഴിഞ്ഞാൽ ഏറ്റവും അടുത്ത വിമാനത്തിൽ മൃതദേഹം കൊച്ചിയിൽ എത്തിക്കും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക എല്ലാ പ്രവർത്തനങ്ങളും എകോപിപ്പിക്കുന്നുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽപെട്ട 20 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. അഞ്ച് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ഉദ്യോഗസ്ഥരും നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് തുരങ്കത്തിൽ കുടുങ്ങിയത്.

നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ സീനിയർ മാനേജരും ജിയോളജിസ്റ്റുമാണ് അനീഷ്. അനീഷ് പഠിച്ച കോട്ടയം ഗവ. കോളേജ് ജിയോളജിവിഭാഗം മേധാവി എ.യു. അനീഷിനെ തിങ്കളാഴ്ച രാത്രി എട്ടോടെ എൻ.എച്ച്.പി.സി. ഉദ്യോഗസ്ഥ വിളിച്ച് ബന്ധുക്കളുടെ ഫോൺനമ്പർ ആവശ്യപ്പെട്ടപ്പോഴാണ് അപകടവിവരം നാട്ടിലറിയുന്നത്. അനീഷിന്റെ അബുദാബിയിലുള്ള സഹോദരൻ ബിനീഷിനെയും കമ്പനി അധികൃതർ വിളിച്ചു. അനീഷിന്റെ ഭാര്യ ഡോ. സംഗീത, ഇവരുടെ സഹോദരൻ ബിനീഷ് എന്നിവരെ എൻഎച്ച്പിസി ഉദ്യോഗസ്ഥർ ഡൽഹിയിൽനിന്ന് വിമാനമാർഗം സിക്കിമിലെത്തിച്ചിരുന്നു.

കോട്ടയം ഗവ. കോളേജിൽ 2001-2004 വർഷത്തിൽ ജിയോളജിയിൽ ബിരുദവും 2004-06 വർഷം ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അനീഷ് 2011-ലാണ് നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഹരിയാണയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു. ഏഴുമാസംമുൻപാണ് ജോലിക്കായി സിക്കിമിലേക്ക് പോയത്. ഇതോടെ ഭാര്യ സംഗീതയും മക്കളായ അർണവും കാർത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യനഗറിലുള്ള വീട്ടിലേക്ക് താമസംമാറി.

മണർകാട് കൊച്ചുമറ്റത്തെ വീട്ടിൽ, തോട്ടയ്ക്കാട് ഗവ. ഹൈസ്‌കൂൾ അധ്യാപകനായിരുന്ന അച്ഛൻ പി.കെ. മോഹനനും അധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്. ജോലിസ്ഥലത്ത് അപകടമുണ്ടായെന്നുമാത്രമേ ഇവരെ അറിയിച്ചിട്ടുള്ളൂ.

Post a Comment

0 Comments