'നഗ്നമായ അനീതി, ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ആര്‍ക്ക് പറയാനാകും'; അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ ഫിഫയ്‌ക്കെതിരെ എം.ബി രാജേഷ്

 



കൊച്ചി: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരില്‍ ഈജിപ്തിനെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തില്‍ റഫറിയുടെ വിവാദ തീരുമാനങ്ങള്‍ക്കെതിരെ മുന്‍ മന്ത്രി എം.ബി രാജേഷ് രംഗത്ത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് എം.ബി രാജേഷ് ഈജിപ്തിനോട് കാട്ടിയ അനീതിക്കെതിരെ തുറന്നടിച്ചത്. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എം.ബി രാജേഷ് കുറിപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സ്റ്റേഡിയത്തിലെ ലക്ഷത്തോളം കാണികളുടേയും ടെലിവിഷനില്‍ ലോകമെമ്പാടും കളി കണ്ട കോടിക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടേയും മുന്നില്‍ അരങ്ങേറിയ നഗ്‌നമായ അനീതിയെന്നാണ് എം.ബി രാജേഷ് കുറിക്കുന്നത്.


തിരക്കഥക്കനുസരിച്ചുള്ളതെന്ന് തോന്നിപ്പിക്കുന്ന അന്തിമഫലം കണ്ട് സായൂജ്യമടയാനല്ലല്ലോ കോടിക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ കളികാണാന്‍ ഇരിക്കുന്നത്. തങ്ങളുടെ കളിക്കാരന്റെ ചുവപ്പുകാര്‍ഡ് അമേരിക്കന്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് ഫിഫ നിയമത്തിന് പുല്ലു വില കല്പിച്ച് റദ്ദാക്കിക്കുന്ന തരം ഇടപെടല്‍ നടക്കുന്ന ഒരു ലോകകപ്പില്‍ എന്താണ് നടന്നുകൂടാത്തതെന്നും എംബി രാജേഷ് ചോദിക്കുന്നു. ഫിഫ സംശയനിഴലിലാണ്. ഫിഫയുടെയും ലോകകപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ചരിത്രത്തില്‍ ഏകാധിപതികള്‍ പലപ്പോഴും ഫുട്‌ബോളിനെ തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിച്ചിട്ടുണ്ടെന്നും എഫ്ബി പോസ്റ്റില്‍ അദ്ദേഹം പറയുന്നു.


പോസ്റ്റ് ഇങ്ങനെ:

നിഷ്പക്ഷത എന്നൊന്ന് ഇന്ന് ലോകത്തില്‍ ഉണ്ടോ? ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന്‍ മുതല്‍ ഫിഫയും അവരുടെ റഫറിമാരും വരെ കളി നിയന്ത്രിക്കേണ്ടവരെല്ലാം ഇന്ന് സ്വയം കളിക്കാന്‍ ഇറങ്ങുകയാണ് എന്ന പരാതി ഉയരുന്നത് എന്തുകൊണ്ട്? ഇന്നലെ അവസാന 15 മിനിട്ട് അര്‍ജന്റീന ഗംഭീരമായി കളിച്ചു. മെസ്സിയുടെ തകര്‍പ്പന്‍ ഗോള്‍ അടക്കം അവരുടെ മൂന്നു ഗോളും ഉജ്ജ്വലമായിരുന്നു. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു. സംശയമില്ല. പക്ഷേ അതൊന്നും ഈജിപ്തിനോട് ഫിഫയും റഫറിയും ചെയ്ത കൊടിയ അനീതിയെ ന്യായീകരിക്കാന്‍ പോന്നതല്ല.

മുസ്തഫ സിക്കോയുടെ അത്യുജ്ജ്വലമായ ഗോളിനെ, ഈജിപ്തിന്റെ ബോക്‌സില്‍ നടന്ന ഒരു ഫൗളിന്റെ പേരില്‍ പന്ത് പല പാസുകള്‍ക്കു ശേഷം അര്‍ജന്റീയുടെ ബോക്‌സില്‍ എത്തി ഗോളായപ്പോള്‍ അനുവദിക്കാതിരുന്നത് ഒന്നാമത്തെ അനീതി. അവസാന നിമിഷം അര്‍ജന്റീനയുടെ ബോക്‌സില്‍ മുഹമ്മദ് സലായെ വ്യക്തമായി ഫൗള്‍ ചെയ്തിട്ടും അനുവദിക്കാതിരിക്കുകയും അര്‍ജന്റീനയുടെ വിജയഗോളിന് വഴിയൊരുക്കുകയും ഈജിപ്തിന്റെ കാര്യത്തിലെടുത്തതിന് നേര്‍ വിപരീതമായ നിലപാടെടുത്ത് ആ ഗോള്‍ അനുവദിച്ചു കൊടുക്കുകയും ചെയ്തത് രണ്ടാമത്തെ അനീതി. സ്റ്റേഡിയത്തിലെ ലക്ഷത്തോളം കാണികളുടേയും ടെലിവിഷനില്‍ ലോകമെമ്പാടും കളി കണ്ട കോടിക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടേയും മുന്നില്‍ അരങ്ങേറിയ നഗ്‌നമായ അനീതി.

ഒരുപക്ഷേ അതില്ലായിരുന്നെങ്കിലും എക്‌സ്ട്രാ ടൈമിലേക്ക് നീളുന്ന മത്സരം അര്‍ജന്റീന ജയിച്ചേക്കാം. ആ ജയം എത്ര മനോഹരമാകുമായിരുന്നു. അല്ലെങ്കില്‍ മുഴുവന്‍ സമയത്ത് 3-2 നോ ഷൂട്ടൗട്ടിലോ അവര്‍ പരാജയപ്പെട്ടേക്കാം. അതാണല്ലോ ഫുട്‌ബോള്‍. ആ അപ്രവചനീയതയാണല്ലോ ഫുട്‌ബോളിനെ ആവേശഭരിതമാക്കുന്നത്. തിരക്കഥക്കനുസരിച്ചുള്ളതെന്ന് തോന്നിപ്പിക്കുന്ന അന്തിമഫലം കണ്ട് സായൂജ്യമടയാനല്ലല്ലോ കോടിക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ കളികാണാന്‍ ഇരിക്കുന്നത്. തങ്ങളുടെ കളിക്കാരന്റെ ചുവപ്പുകാര്‍ഡ് അമേരിക്കന്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് ഫിഫ നിയമത്തിന് പുല്ലു വില കല്പിച്ച് റദ്ദാക്കിക്കുന്ന തരം ഇടപെടല്‍ നടക്കുന്ന ഒരു ലോകകപ്പില്‍ എന്താണ് നടന്നുകൂടാത്തത്?.

ഫിഫ സംശയനിഴലിലാണ്. ഫിഫയുടെയും ലോകകപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ചരിത്രത്തില്‍ ഏകാധിപതികള്‍ പലപ്പോഴും ഫുട്‌ബോളിനെ തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിച്ചിട്ടുണ്ട്. 1978 ല്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നില്‍ പട്ടാള ഏകാധിപതി വിദേലയുടെ ഇടപെടലും 1934 ല്‍ ഇറ്റലിക്കായി മുസോളിനിയുടെ ഇടപെടലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ബ്രസീലിയന്‍ മുന്‍ പ്രസിഡന്റും സ്വയം പ്രഖ്യാപിത ഫാസിസ്റ്റുമായ ബോള്‍സനാരോയുടെ പോസ്റ്റര്‍ ബോയ് ആയിരുന്നു നെയ്മര്‍. ട്രമ്പിന്റെ ഉറ്റമിത്രവും സയണിസ്റ്റുമായ അര്‍ജന്റീനയുടെ ഇപ്പോഴത്തെ തീവ്ര വലതുപക്ഷ പ്രസിഡന്റിനും ഇപ്പോള്‍ ഒരു ലോകകപ്പ് അര്‍ജന്റീറീനയിലെത്തിക്കേണ്ടത് ആവശ്യമായേക്കാം. കാരണം ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലം അര്‍ജന്റീന കടുത്ത സാമ്പത്തിക കുഴപ്പത്തിലാണ്. ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നു. പട്ടാളക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാത്തതിനാല്‍ മറ്റു ജോലികള്‍ ചെയ്യാന്‍ അനുവാദം കൊടുത്തിരിക്കുകയാണ്.

വിലക്കയറ്റം ആകാശം മുട്ടെ ഉയര്‍ന്നിരിക്കുന്നു. ജനരോഷം വഴിതിരിച്ചുവിടണമല്ലോ. സ്‌കൂള്‍ യുവജനോത്സവത്തിലെ അപ്പീല്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ചില എംഎല്‍എമാരെപ്പോലെ വെറും ഒരു ചുവപ്പുകാര്‍ഡ് റദ്ദാക്കാന്‍ ഇടപെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ, അതും ആതിഥേയ രാഷ്ട്രത്തിന്റെ പ്രസിഡന്റ് ഉറ്റമിത്രത്തെ സഹായിക്കാനും ഇടപെട്ടിട്ടുണ്ടാവില്ലെന്ന് ആര്‍ക്ക് ഉറപ്പുപറയാനാവും?

നീതിരഹിതമായ ഒരു ലോകക്രമത്തില്‍ മൈതാനങ്ങളില്‍ മാത്രം നീതി പുലരുമെന്ന് വ്യാമോഹിക്കരുത്.വര്‍ഗ്ഗ വിഭജിത ലോകത്ത് മറ്റെല്ലായിടത്തുമെന്നപോലെ കളിമൈതാനങ്ങളിലും തുല്യനീതിയല്ല അധീശ വര്‍ഗ്ഗനീതി മാത്രമാണ് നടപ്പാക്കപ്പെടുന്നത്. പ്രത്യേകിച്ചും കളിമൈതാനങ്ങളിലേക്ക് കുത്തിയൊഴുകുന്ന വന്‍കിട മൂലധനവും അധീശ രാഷ്ട്രീയവും തമ്മില്‍ ഇണചേരുമ്പോള്‍. 1986 മുതല്‍ ഞാനൊരു അര്‍ജന്റീന ആരാധകനാണ്. അര്‍ജന്റീന തോറ്റപ്പോഴും 'ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ' എന്ന മട്ടില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോളിനെ കാല്പനികമായി സ്‌നേഹിക്കുന്നയാള്‍. പക്ഷേ ഇന്ന് പറയാതെ വയ്യ- ആദ്യം ഫുട്‌ബോള്‍, പിന്നെ മാത്രം ഇഷ്ട ടീം''.

Post a Comment

0 Comments