തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ വിശദീകരണവുമായി ന്യൂസ് എഡിറ്റർ കെ.ആർ അജയൻ. കള്ളൻ വിജയനെന്ന ഫീച്ചറിൽ പാർട്ടി വിരുദ്ധതയില്ലെന്നും തലക്കെട്ടിൽ പ്രശ്നമുള്ളതായി തോന്നിയില്ലെന്നും അജയൻ വിശദീകരിച്ചു. ഏറ്റവും മികച്ചത് എന്ന നിലയിലാണ്' കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ' എന്നീ തലക്കെട്ടുകൾ ഇട്ടത്.k
തെറ്റ് പറ്റിയതായി തോന്നുന്നെങ്കിൽ തിരുത്താൻ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നൽകിയ മറുപടിയിൽ പറയുന്നു. ഇന്നലെ ഒഴിവാക്കിയ വാരാന്തപ്പതിപ്പ് പത്രം ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. കള്ളൻ വിജയനെന്ന തലക്കെട്ടിലെ ഫീച്ചർ പ്രസിദ്ധീകരിച്ചതാണ് ഇന്നലെ വാരാന്തപ്പതിപ്പ് ഒഴിവാക്കാൻ കാരണം. സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടിരുന്നു. വാരാന്തപ്പതിപ്പിന്‍റെ ചുമതലയുള്ള ന്യൂസ് എഡിറ്റർ കെ. ആർ അജയനോട് സിപിഎം അടിയന്തര വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. പിന്നാലെയാണ് മറുപടി.
വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്ന 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിലുള്ള ഫീച്ചർ ലേഖനമാണ് നിലവിലെ വിവാദങ്ങൾക്ക് വഴിവെച്ചത്. ഒരു നാടക കലാകാരനുമായി ബന്ധപ്പെട്ട് ടി.സി രാജേഷ് എഴുതിയ ഫീച്ചറിലായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേരായ 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് നൽകിയിരുന്നത്.
തലക്കെട്ട് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ അജയൻ ഉറച്ചുനിൽക്കുകയും ആവശ്യത്തിന് വഴങ്ങാൻ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് ലേഖനം അതേപടി അച്ചടിയിലേക്ക് പോയത്. ഈ വാശി തുടർന്നതാണ് പാർട്ടി മുഖപത്രത്തെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
വി.എസിന്റെ അനുസ്മരണ ലേഖനം ഒഴിവാക്കാനല്ല നടപടിയെന്നും, തെറ്റിദ്ധാരണാജനകമായ തലക്കെട്ടിലുള്ള ഫീച്ചർ ഒഴിവാക്കാനായിരുന്നു അച്ചടി പൂർണമായി തടഞ്ഞതെന്നുമുള്ള യഥാർഥ വസ്തുത പിന്നീടാണ് വ്യക്തമായത്. തുടർന്ന് വി.എസിന്റെ അനുസ്മരണ ലേഖനം ഉൾപ്പെടുത്തിക്കൊണ്ടുള്ള വാരാന്തപ്പതിപ്പ് ഇന്ന് പ്രസിദ്ധീകരിക്കുകയായിരുന്നു.

0 Comments