യുക്രെയിനിൽ കപ്പലിന് നേരെ റഷ്യൻ ആക്രമണം; 10 ജീവനക്കാർ കൊല്ലപ്പെട്ടു, കപ്പലിൽ ഇന്ത്യൻ-സിറിയൻ നാവികർ

 



കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ 10 പേർ മരിച്ചു. യുക്രെയിൻ നഗരമായ ഒഡേസക്ക് സമീപത്ത് വച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഗിനിയ-ബിസാവു പതാകയുള്ള ഗോൾഡൻ ലിയോ കപ്പലിന് നേരെയായിരുന്നു റഷ്യയുടെ മിസൈൽ ആക്രമണം. സിറിയൻ- ഇന്ത്യൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷിച്ചതായി യുക്രെയിൻ സീപോർട്ട് അതോറിറ്റി അറിയിച്ചു. റഷ്യൻ ആക്രമണത്തിന് പിന്നാലെ നൂറു കണക്കിന് ഡ്രോണുകളാണ് മോസ്‌കോ ലക്ഷ്യമാക്കി യുക്രെയിൻ വിക്ഷേപിച്ചത്.

റഷ്യൻ ആക്രമണങ്ങളിൽ ഒഡേസ മേഖലയിൽ ജൂലൈ മാസത്തിൽ മാത്രം ഇതുവരെ 28 പേർ കൊല്ലപ്പെട്ടതായി റീജിയണൽ ഗവർണർ ഒലെഹ് കിപ്പർ വ്യക്തമാക്കി. ജൂലൈ തുടക്കം മുതൽ ഒഡേസയിൽ ദിവസേന ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും, ചില ദിവസങ്ങളിൽ 13 മുതൽ 15 വരെ എയർ റെയ്ഡ് മുന്നറിയിപ്പുകൾ പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആവശ്യമായ പേട്രിയറ്റ് ഇന്റർസെപ്റ്റർ യുദ്ധോപകരണങ്ങളുടെ ദൗർലഭ്യം ഉക്രൈൻ നേരിടുന്ന പശ്ചാത്തലത്തിലാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

മോസ്‌കോയെ ലക്ഷ്യമിട്ട് 400 ലേറെ ഡ്രോണുകളാണ് യുക്രെയിൻ വിക്ഷേപിച്ചത്.' തങ്ങളുടെ നഗരങ്ങൾക്ക് നേരെയുള്ള റഷ്യൻ ആക്രമണങ്ങൾക്ക് നീതിപൂർവമായ മറുപടിയാണ് നൽകുന്ന'തെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി വ്യക്തമാക്കി. ഉക്രൈൻ അതിർത്തിയിൽ നിന്നും 400 കിലോമീറ്ററിലധികം (250 മൈൽ) അകലെയുള്ള മോസ്‌കോ മേഖലയിലെ റഷ്യൻ ലോജിസ്റ്റിക്‌സ് സൗകര്യങ്ങൾക്കും എണ്ണ സംഭരണശാലയ്ക്കും നേരെയാണ് യുക്രെയിൻ ആക്രമണം നടത്തിയത്.

Post a Comment

0 Comments