ചേർത്തല: പുരാവസ്തുക്കൾ മറയാക്കി കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ ആഡംബര കാറുകൾ ആക്രിക്ക് വിറ്റ് പൊലീസ്. ചേർത്തല പൊലീസ് പിടിച്ചെടുത്ത മുന്തിയ ഇനം കാറുകൾക്കൊപ്പം ആഡംബര കാരവാനും പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു. ഇതിൽ മുംബൈയിലെ സിനിമ നടിയുടെ പേരിലുള്ള വാഹനവും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ലേലം നടത്തിയെങ്കിലും രേഖകൾ കൈമാറുന്നതിലെ കാലതാമസം കാരണമാണ് വാഹനങ്ങൾ കൊണ്ടുപോകുന്നത് വൈകിയത്. ഇന്ന് രാവിലെ മൂന്ന് വാഹനങ്ങൾ കൊണ്ടുപോയി. ബാക്കിയുള്ള വാഹനങ്ങൾ നാളെ കൊണ്ടുപോകും.
ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിലെ മോൻസൺ(52)നെ പുരാവസ്തു വിൽപ്പനക്കാരനാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് മോൻസനെ പിടികൂടിയത്. 2017 ജൂൺ മുതൽ 2020 നവംബർ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറുപേർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശികളായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, പേരാമ്പ്ര സ്വദേശി ഇഎ സലീം, പന്തീരാങ്കാവ് സ്വദേശി എംടി ഷമീർ, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോൻ, തൃശൂർ വടക്കാഞ്ചേരി സ്വദേശി അനൂപ് വി അഹമ്മദ് എന്നിവരാണ് പരാതിക്കാർ

0 Comments