തിരുവനന്തപുരം: പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്. 10 പ്രതികളുടെ ജാമ്യ അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
ശ്രീജിത്ത്, ദിനീത്, അമൽ, ഷൈജു സലിം, അനിൽകുമാർ, നിഷാദ്, ദിനകർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 50 ദിവസത്തിലേറെയായി പ്രതികൾ ജയിലിലാണെന്നും വധശ്രമം ചുമത്തിയെങ്കിലും തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാറും ഔദ്യോഗിക കൃത്യനിർവഹണത്തിന് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഗുരതരമായ വിഷയമായി പരിഗണിക്കണമെന്ന് ഇഡിയുടെ അഭിഭാഷകനും അറിയിച്ചു. ബംഗാളിലാണ് ഇതിന് മുമ്പ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. അന്ന് കേസിൽ പ്രതിയായ ഉന്നത രാഷ്ട്രീയ നേതാവ് ഇപ്പോഴും ജയിലിലാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

0 Comments