വിമതന്മാര്‍ തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും



വിമതന്മാര്‍ തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. എന്ത് തെറ്റാണ് ചെയ്തതെന്ന് പാര്‍ട്ടി വിശദീകരിക്കട്ടേയെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം.

താന്‍ ചെയ്ത തെറ്റ് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കാതെയാണ് എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. തെറ്റെന്തെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ അതിനനുസരിച്ചുള്ള പ്രതികരണം എന്റെ ഭാഗത്ത് നിന്നുണ്ടാകും. തെറ്റ് ചൂണ്ടിക്കാണിക്കാതെ അത് തിരുത്താന്‍ കഴിയില്ലല്ലോ – കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

രൂക്ഷമായ ഭാഷയിലാണ് ടി കെ ഗോവിന്ദന്‍ പ്രതികരിച്ചത്. വര്‍ഗവഞ്ചന എന്ന് അയാള്‍ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടല്ലോ. വര്‍ഗവഞ്ചന എന്നത് മാത്രമല്ല അധികാരമോഹി എന്ന് കൂടിയാണ്. ഞാന്‍ അതിന് പലപ്പോഴും മറുപടി പറഞ്ഞിട്ടുണ്ട്. മൂന്ന് തവണ എംഎല്‍എ ആയിരുന്ന ആള്‍ നാലാമത്തെ തവണ എന്റെ ഭാര്യ ആയിരിക്കട്ടെ എംഎല്‍എ എന്ന് പറയുന്നതാണോ അധികാരമോഹം. അതിനെ എതിര്‍ത്തതാണോ അധികാരമോഹം എന്ന് കേള്‍ക്കുന്ന ജനങ്ങള്‍ തീരുമാനിക്കട്ടെ. അദ്ദേഹം സ്വീകരിച്ചതാണ് അധികാരമോഹം എന്ന് ജനങ്ങള്‍ വിലയിരുത്തിയല്ലോ. പേരാബ്ര മണ്ഡലത്തില്‍ ടി പി രാമകൃഷ്ണനെ തോല്‍പ്പിച്ചത് 22 വയസുള്ളൊരു കുട്ടിയാണ്. അതില്‍ നിന്ന് സിപിഐഎം പാഠം പഠിക്കണ്ടേ. അതെന്താണ് സീറ്റ് ഒഴിഞ്ഞുകൊടുക്കാതിരുന്നത് – അദ്ദേഹം പറഞ്ഞു.

എംഎല്‍എമാരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രതികരണത്തില്‍ വെട്ടിലായി സിപിഐഎം. പ്രതികരണം ചര്‍ച്ചയായതോടെ എം വി ജയരാജന്റെ നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. 

Post a Comment

0 Comments