ഉഖ്റുൽ: മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ജവാൻമാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജവാൻമാരുടെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. മണിപ്പൂരിലെ ഉഖ്‌റൂൽ ജില്ലയിലെ നുങ്ഷാങ് ഖോങ് മേഖലയിൽ വച്ചാണ് തീവ്രവാദി ആക്രമണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
40 അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു തീവ്രവാദി ആക്രമണം. പ്രദേശത്തേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്താനായി ശക്തമായ തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ സ്ഫോടകവസ്തുക്കളും വെടിയുണ്ടകളും ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ഒളിയാക്രമണം. സങ്ഷാക് പോസ്റ്റിൽ നിന്നുള്ള ജവാൻമാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂർ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ശക്തമായി അപലപിച്ചു. ഇത്തരം ക്രൂരമായ അക്രമങ്ങൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ഈ ദാരുണമായ സംഭവങ്ങളിൽ സർക്കാർ മൂകസാക്ഷിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉഖ്‌റൂലിൽ പുതിയ അസം റൈഫിൾസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഞായറാഴ്ച സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ലാത്തിച്ചാർജ്ജിലും വെടിവെപ്പിലുമായി നാലു പേർക്ക് പരിക്കേറ്റിരുന്നു. ലാംബുയി (Lambui) ഗ്രാമത്തിൽ ഉണ്ടായിരുന്നു അസം റൈഫിൾസ് ഉദ്യോഗസ്ഥർ പ്രാദേശിക അധികാരികളുമായി കൂടിയാലോചിക്കാതെ ന്യൂ ഹെവനിൽ (New Heaven) ഒരു ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞായിരുന്നു നാട്ടുകാർ സംഘടിച്ച് എത്തിയത്. ഔട്ട് പോസ്റ്റിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകളും വിദ്യാർഥികളും പ്രതിഷേധവുമായി എത്തിയത്. ഇത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലാത്തി ചാർജ് ഉണ്ടായത്.

0 Comments