ഹോളിവുഡ് സിനിമാലോകത്തെ വിസ്മയിപ്പിച്ച പ്രമുഖ നടനും ജുറാസിക് പാർക്ക് പരമ്പരയിലെ ഡോ. ആലൻ ഗ്രാന്റ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനുമായ സാം നീൽ (78) അന്തരിച്ചു. തിങ്കളാഴ്ച ഓസ്ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരണവാർത്ത അറിയിച്ചത്.
“വളരെയധികം ദുഃഖത്തോടെയാണ് സാം നീലിന്റെ വിയോഗവാർത്ത പങ്കുവെക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ. ജീവിതം മുഴുവൻ പുലർത്തിയ അതേ അന്തസ്സോടെയാണ് അദ്ദേഹം വിടപറഞ്ഞത്,” എന്നാണ് കുടുംബം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. സ്റ്റ്. വിൻസെന്റ്സ് പ്രൈവറ്റ് ആശുപത്രിയിലെ ചികിത്സാ സംഘത്തിനും കുടുംബം നന്ദി രേഖപ്പെടുത്തി.
2023-ലാണ് സാം നീലിന് അപൂർവ ഇനത്തിലുള്ള ആൻജിയോഇമ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുശേഷം അദ്ദേഹം കാൻസർ മുക്തനായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ജീവിതത്തെക്കുറിച്ചും വാർധക്യത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
2023-ൽ നൽകിയ ഒരു അഭിമുഖത്തിൽ, “മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. പക്ഷേ ഇനിയും ചെയ്യാനുള്ള നിരവധി കാര്യങ്ങൾ ബാക്കിയുള്ളതിനാൽ ഇപ്പോൾ പോകേണ്ടി വന്നാൽ അതാണ് വിഷമം,” എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ My Brilliant Career, Dead Calm, The Piano, The Hunt for Red October, Event Horizon, In the Mouth of Madness, Hunt for the Wilderpeople തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എന്നാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസിൽ അദ്ദേഹത്തെ അനശ്വരനാക്കിയത് സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത Jurassic Park പരമ്പരയിലെ ഡോ. ആലൻ ഗ്രാന്റ് എന്ന കഥാപാത്രമാണ്. 2022-ൽ പുറത്തിറങ്ങിയ Jurassic World Dominionലും അദ്ദേഹം വീണ്ടും ആ കഥാപാത്രമായി തിരിച്ചെത്തിയിരുന്നു.
സിനിമകൾക്ക് പുറമെ Peaky Blinders, The Tudors, Merlin, Reilly: Ace of Spies തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും സാം നീൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.
ന്യൂസിലൻഡിൽ ജനിച്ച സാം നീലിന്റെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ സംഭാവനകൾ ലോക സിനിമാചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് ആരാധകരും സിനിമാലോകവും അനുസ്മരിക്കുന്നു.

0 Comments