തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന് ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ തേടാനും തുടർനടപടികൾ വിലയിരുത്താനും കഴിഞ്ഞയാഴ്ച ചേർന്ന ആദ്യ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ നിർണായക യോഗം നടക്കുന്നത്.
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ സംസ്ഥാനം സ്വീകരിക്കേണ്ട കർശന നിബന്ധനകളെ പറ്റി ഇന്നത്തെ സമിതി വിശദമായി ചർച്ച ചെയ്യും. പദ്ധതി നടപ്പിലാക്കുമ്പോൾ പാഠ്യപദ്ധതി (കരിക്കുലം), സ്കൂളുകളുടെ തെരഞ്ഞെടുപ്പ് എന്നിവയിൽ കേന്ദ്ര ഇടപെടൽ ഒഴിവാക്കാനും, സംസ്ഥാനത്തിന്റെ താല്പര്യം പൂർണമായി ഉറപ്പാക്കാനും കഴിയുമോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പാഠ്യപദ്ധതിയിൽ കേന്ദ്രത്തിന്റെ ഒരു തരത്തിലുള്ള ഇടപെടലും അനുവദിക്കില്ല എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കൂടാതെ, പദ്ധതിക്കായി സ്കൂളുകളുടെ പട്ടിക തയ്യാറാക്കുന്നതും സംസ്ഥാനം തന്നെയാകണമെന്ന നിബന്ധനയും യോഗം മുന്നോട്ടുവെച്ചേക്കും.
കഴിഞ്ഞ സർക്കാർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചിരുന്നതിനാൽ അതിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിൽ സംസ്ഥാന സർക്കാർ ഉള്ളത്. അതുകൊണ്ടുതന്നെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഈ പദ്ധതി എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നതിലാണ് ഉപസമിതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പഠനത്തിന് ശേഷം അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നാണ് മന്ത്രിസഭാ ഉപസമിതിക്ക് നൽകിയിരിക്കുന്ന കർശന നിർദേശം. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ കൺവീനറായ ഉപസമിതിയിൽ മന്ത്രിമാരായ റോജി.എം.ജോൺ, എം.ലിജു, പി.സി വിഷ്ണുനാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

0 Comments