'കൂടോത്ര'ത്തില്‍ തുടങ്ങിയ വിദ്വേഷം, കേരളം നടുങ്ങിയ കൂട്ടക്കൊല; ഒട്ടും കുറ്റബോധമില്ലാതെ ചെന്താമര

 



പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ കൂട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് തൂക്കുകയര്‍ വിധിച്ചിരിക്കുകയാണ് കോടതി. ഒട്ടും മനസാക്ഷിക്കുത്തില്ലാത്ത പ്രതിയുടെ ചെയ്തികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി തൂക്കുകയര്‍ വിധിച്ച് ചൂണ്ടിക്കാട്ടിയത്. നെന്മാറ പോത്തുണ്ടിയിലെ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. കുടുംബത്തില്‍ അവശേഷിക്കുന്നവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കില്‍ മൂന്ന് വര്‍ഷം അധികം തടവ് അനുഭവിക്കണം. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന സൈക്കോളജി, സൈക്യാട്രി റിപ്പോര്‍ട്ടുകളും ശരിവച്ചാണ് ശിക്ഷാവിധി.


2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്താമര പിടിയിലായത്. പൊലീസ് നാട്ടുകാരുമായി ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചില്‍ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് ഇയാള്‍ വീട്ടിലേക്കെത്തുന്ന വഴിയില്‍ വെച്ച് പിടികൂടിയത്.


2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്.

2026 ഫെബ്രുവരി 23നാണ് വിചാരണ ആരംഭിച്ചത്. 81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിക്കു വായിച്ചു കേള്‍പ്പിച്ചു. ചെന്താമര കുറ്റക്കാരനാണെന്ന് ജൂലൈ 13ന് കോടതി വിധിച്ചിരുന്നു. കേസില്‍ ചെന്താമര മാത്രമാണ് പ്രതി. കൊലപാതകം നടന്ന് അറുപത് ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 30 ശാസ്ത്രീയ തെളിവുകളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. ചെന്താമര ഇരുവരെയും വെട്ടാനുപയോഗിച്ച കൊടുവാളിന്റെ മരത്തടി കൊണ്ടുള്ള പിടിയില്‍ കൊല്ലപ്പെട്ടവരുടെയും പ്രതിയുടെയും ഡിഎന്‍എ ലഭിച്ചിരുന്നു. ഒപ്പം കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ കുടങ്ങിയ തുണിക്കഷ്ണത്തില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ രക്തക്കറയും കിട്ടിയിരുന്നു.

കോടതി നടപടികളെ ചെന്താമര നേരിട്ടത് തെല്ലും കൂസലില്ലാതെയായിരുന്നു. കോടതിയെ വെല്ലുവിളിക്കുന്ന ചെന്താമരയുടെ മറുപടികള്‍ കേട്ടുനിന്നവരില്‍ പോലും പേടി ഉളവാക്കി. 'ഞാന്‍ ഗാന്ധിയല്ല, എനിക്ക് തടസ്സം നില്‍ക്കുന്നവരോടെല്ലാം എന്റെ പെരുമാറ്റം ഇങ്ങനെയായിരിക്കും, വേണ്ടിവന്നാല്‍ മറ്റുള്ളവരെയും കൊല്ലും, എന്നെ തൂക്കിക്കൊന്നോളൂ' എന്നിങ്ങനെയായിരുന്നു പ്രതികരണം. ഇനിയും കുറ്റകൃത്യം ചെയ്യാന്‍ ഒരുക്കമാണെന്ന പ്രതിയുടെ വാക്കുകള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

Post a Comment

0 Comments