പിന്നോട്ടില്ലെന്ന് സിജെപി, ഡല്‍ഹിയില്‍ വൻ സംഘർഷം; അഭിജീത് ദീപ്‌കെയെയും നടന്‍ പ്രകാശ് രാജിനെയും കയ്യേറ്റം ചെയ്ത് പൊലീസ് ; പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാർജും

  



ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ച് പൊലീസ്. പ്രതിഷേധക്കാര്‍ക്ക് നേരെ വലിയതോതില്‍ ലാത്തിച്ചാര്‍ജും നടത്തി. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ രാജ്യതലസ്ഥാനത്തെത്തിയത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയെയും നടന്‍ പ്രകാശ് രാജിനെയും പൊലീസ് കയ്യേറ്റം ചെയ്തു. നീറ്റ് പുന:പരീക്ഷയുടെ സമ്മർദത്തില്‍ ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്

സിജെപി ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നു. മണ്‍സൂണ്‍ സമ്മേളനം ഇന്ന് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു മാര്‍ച്ച്. എന്നാല്‍, മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് എല്ലാ നിയന്ത്രണങ്ങളും മറികടന്നുകൊണ്ട് മാര്‍ച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചത്. ഇതോടെയാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളെ ഉള്‍പ്പെടെ വിന്യസിച്ച് പ്രതിഷേധക്കാരെ പൊലീസ് അടിച്ചമര്‍ത്താന്‍ തുനിഞ്ഞത്.

പാര്‍ലമെന്റിന് സമീപത്ത് ആളുകള്‍ കൂട്ടം കൂടുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. ജന്തര്‍ ജന്തറില്‍ നിന്ന് റാലിയായി നീങ്ങിയ സമരക്കാരെ പൊലീസ് നേരിട്ടു. എന്നാല്‍, പാര്‍ലമെന്റിന് 150 മീറ്റര്‍ സമീപം വരെയെത്താന്‍ ഇവര്‍ക്ക് സാധിച്ചു. പിന്നാലെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

മേഖലയിലുടനീളം മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചു. മാര്‍ച്ചിനെ നേരിടുന്നതിന്റെ ഭാഗമായി അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജന്‍പഥ്, രാജീവ് ചൗക്, പട്ടേല്‍ ചൗക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, സേവതീര്‍ത്ഥ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്. മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ മെട്രോ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകള്‍ അടച്ചിടുന്നതെന്ന് ഡിഎംആര്‍സി പറയുന്നു.

Post a Comment

0 Comments