തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി എൻ.ശേഷാദ്രനാഥനെ നിയമിച്ചു. ഗവർണർ രജേന്ദ്ര വിശ്വനാഥ് അർലേക്കർ ബുധനാഴ്ചയാണ് നിയമന ഉത്തരവിൽ ഒപ്പിട്ടത്. കോൺഗ്രസിലും യുഡിഎഫിലും ഉയർന്ന എതിർപ്പ് അവഗണിച്ച് നിയമനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയായിരുന്നു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ കഴിഞ്ഞ മാസമാണ് ജില്ല ജഡ്ജിയായി വിരമിച്ചത്.
സംഘപരിവാർ ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ശേഷാദ്രിനാഥന്റെ നിയമനത്തെ കോൺഗ്രസിലെ ഒരു വിഭാഗം എതിർത്തത്. കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തുവന്നിരുന്നു. ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പുകളിൽ പ്രകടമായിരുന്നു എന്നും സർക്കാർ ശിപാർശക്ക് പിന്നാലെ പഴയ പോസ്റ്റുകൾ അപ്രത്യക്ഷമായി എന്നും പി.എം നിയാസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും ഹൈക്കമാൻഡിനും കത്ത് നൽകിയിട്ടും നടപടി ഉണ്ടാവാതായതോടെ നിയാസ് കഴിഞ്ഞ ദിവസമെത്തി ആഭ്യന്തരമന്ത്രിയേയും കെപിസിസി പ്രസിഡന്റും മന്ത്രിയായ സണ്ണി ജോസഫിനേയും കണ്ടിരുന്നു. എന്നാൽ, സർക്കാർ നിയമനവുമായി മുന്നോട്ട് പോവുകയായിരുന്നു.
ഇരിങ്ങാലക്കുട കുടുംബ കോടതി, കവരത്തി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി, എറണാകുളം സിബിഐ കോടതി ജഡ്ജി, കേരള കോഓപറേറ്റിവ് ട്രൈബ്യൂണൽ ജില്ല ജഡ്ജി, എറണാകുളം, തിരുവനന്തപുരം മോട്ടോർ ആക്‌സിഡൻറ് െക്ലയിംസ് ട്രൈബ്യൂണൽ അഡീഷനൽ ആൻഡ് സെഷൻസ് ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ജുഡീഷ്യൽ ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്, ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

0 Comments