അൻസിബക്കെതിരായ ജിഹാദി പരാമർശം; ടിനി ടോമിനെതിരെ കേസെടുത്തു

 



കൊച്ചി: നടി അൻസിബക്കെതിരായ ജിഹാദി പരാമർശത്തിൽ ടിനി ടോമിനെതിരെ കേസെടുത്തു. കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കണമെന്ന കോടതി നിർദേശത്തിന് പിന്നാലെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

നേരത്തെ താരസംഘടനയായ 'അമ്മ'യിൽ അൻസിബ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സംഘടന ഗൗരവമായി പരിഗണിച്ചിരുന്നില്ല. തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും, മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞു പരത്തിയെന്നും, വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അൻസിബ പരാതി നൽകിയത്. തുടർന്ന് നിയമവഴി തേടിയ അൻസിബ കടവന്ത്ര പൊലീസിൽ പരാതി നൽകിയെങ്കിലും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല.

ആരോപണവിധേയരായ ടിനി ടോം ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കേസ് എടുക്കാൻ തക്കതായ തെളിവുകളില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മതിയായ തെളിവുകളോടെ അൻസിബ കോടതിയെ സമീപിച്ചതും അനുകൂലമായ ഉത്തരവ് നേടിയെടുത്തതും.

Post a Comment

0 Comments