കോഴിക്കോട്ട് യുവാവ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി



കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകം പറമ്പ് സ്വദേശി ബിജു (43) ആണ് മരിച്ചത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ് കോഴിക്കോട് പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പ് പ്രദേശത്ത് ബിജുവിനെ വീട്ടിനുള്ളിൽ ചോര വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷീരകർഷകനായ ബിജു പുലർച്ചെ എഴുന്നേറ്റ് പശുവിന്റെ കാര്യങ്ങൾ നോക്കാറുള്ളതാണ്. പുലർച്ചെ മൂന്ന് മണിക്ക് ഫാമിൽ പോകാനായി വിളിക്കാൻ തൊട്ടടുത്ത് താമസിക്കുന്ന അമ്മ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പുറത്തുനിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു വീടിന്റെ വാതിൽ. വാതിൽ തുറന്ന് ലൈറ്റ് ഇട്ടു നോക്കിയപ്പോഴാണ് കഴുത്തിനും വയറിനും മുറിവേറ്റ് രക്തം വാർന്ന നിലയിൽ ബിജുവിനെ കണ്ടെത്തിയത്. മൃതദേഹം കിടന്ന മുറിയിലെ ചുവരുകളിലടക്കം ചോരപ്പാടുകൾ ഉണ്ടായിരുന്നു.

എന്തോ ആയുധം ഉപയോഗിച്ച് ബിജുവിനെ ആരോ ആക്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും, ഇത്തരക്കാരുമായി ബിജു മുൻപ് പലതവണ വാക്കേറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments