'വിക്രം 1' റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി; വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി യുവ എൻജിനീയർമാരുടെ സംഘം

 



തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്‍റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ 'വിക്രം 1' ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മലയാളി എൻജിനീയർമാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു. 14 അംഗ മലയാളി സംഘത്തിൽ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.

വിക്ഷേപണ വാഹനത്തിന്‍റെ ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനങ്ങൾ ഏകോപിപ്പിച്ച പത്തനംതിട്ട പറക്കോട് സ്വദേശി നിർമൽ നെൽസൺ, ലിക്വിഡ് പ്രൊപ്പൽഷൻ സ്റ്റേജിന്റെ രൂപകൽപ്പനയിൽ പങ്കാളിയായ ആലപ്പുഴ വെട്ടിക്കോട് സ്വദേശി അജിത് കുമാർ എസ്., ഫ്ലൂയിഡ് കൺട്രോൾ സിസ്റ്റത്തിന്റെ രൂപകൽപ്പനയും പരിശോധനയും നിർവഹിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനറ്റ് മോനച്ചൻ, പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ രൂപകൽപ്പനയിൽ പങ്കാളിയായ കോഴിക്കോട് നടുവണ്ണൂർ സ്വദേശി അജിൻ ഘോഷ് കെ. കെ., കോഴിക്കോട് സ്വദേശിയായ രഞ്ജിത് രവി, ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി ടീം അംഗങ്ങളായ ലിന്റ് സി. തോമസ് (കോഴിക്കോട്), അഞ്ചലി അശോകൻ (എറണാകുളം) എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്തിന്‍റെ ചരിത്രപരമായ ഈ ബഹിരാകാശ നേട്ടത്തിന് പിന്നിലെ മലയാളികളുടെ വലിയ സംഭാവന കേരളത്തിന് ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോക്കറ്റിന്‍റെ നിർമാണം, ഗുണനിലവാര പരിശോധന, സാങ്കേതിക നിയന്ത്രണം തുടങ്ങിയ വിവിധ മേഖലകളിൽ നിർണായക ചുമതലകൾ വഹിച്ചാണ് ഈ യുവ എൻജിനീയർമാർ രാജ്യത്തിന്‍റെ അഭിമാനമായി മാറിയത്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തും തടസമില്ലാതെ എഴുതാൻ കഴിയുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത സ്പേസ് പേനയും ശുഭാൻഷു ശുക്ല രചിച്ച 'ദ സെക്കൻഡ് ഓർബിറ്റ്' എന്ന പുസ്തകവും സംഘം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. വൈശാഖ് വി, രംഷീജ് എം, അനന്തകൃഷ്ണൻ, വിഷ്ണു എം. കെ., ശ്രീനാഥ് എസ്, രാഹുൽ രമേഷ്, അലക്സിസ് ജെ നീരയ്ക്കൽ എന്നിവരാണ് സംഘത്തിലെ മറ്റു മലയാളികൾ

Post a Comment

0 Comments