മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ സർക്കാർ കടുത്ത അവഗണന കാട്ടുന്നു: എം.വി ഗോവിന്ദൻ

 



തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ കടുത്ത അവഗണനയും അലംഭാവവുമാണ് കാണിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രക്ഷാപ്രവർത്തനത്തിൽ സർക്കാർ നിർണായക സമയം പാഴാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

രക്ഷാപ്രവർത്തനത്തിന് ആദ്യ മണിക്കൂറുകൾ നിർണായകമായിരുന്നിട്ടും ആ സമയം പാഴാക്കിയെന്നും കേന്ദ്ര സേനയെ വിന്യസിക്കാൻ സർക്കാർ ആദ്യം തയ്യാറായില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സേനയുടെ സഹായം തേടാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായത് സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കിടയിൽ ബിജെപി അധ്യക്ഷൻ ഇടനിലക്കാരനാകുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ ഏഴ് വർഷം കാത്തിരിക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമർശം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തകാലത്ത് എൽഡിഎഫ് സർക്കാർ മാസങ്ങൾക്കകം കുടുംബങ്ങൾക്ക് സഹായം നൽകിയെന്നും, മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണുകൾ വീണ്ടും ലഭ്യമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഹൈക്കോടതി പറഞ്ഞതായി എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. രക്ഷാപ്രവർത്തനം സ്വന്തം റിസ്കിൽ നടത്തണമെന്ന തരത്തിലുള്ള മന്ത്രിയുടെ പരാമർശം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും സർക്കാർ ഏകപക്ഷീയമായി ഇടപെടുകയാണെന്ന് ആരോപിച്ച എം.വി. ഗോവിന്ദൻ, സ്ഥലംമാറ്റത്തിന്റെ സമ്മർദത്തെ തുടർന്ന് ചിലർ ആത്മഹത്യ ചെയ്യുകയും ചിലർ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തതായി ആരോപിച്ചു.

ക്ഷേമപെൻഷൻ അവകാശമല്ല, ഔദാര്യമാണെന്ന നിലപാട് സർക്കാർ കോടതിയിൽ സ്വീകരിച്ചത് സർക്കാരിന്റെ വർഗനിലപാട് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതിന് കൃത്യമായ രേഖകളുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. നിലവിലെ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് മെസ്സി വിവാദം ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സ്പോർട്സ് സെക്രട്ടറിയുടെ റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.

പ്രതിപക്ഷ ഉപനേതാവിന് പ്രത്യേക മുറി അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട വിവാദവും അദ്ദേഹം തള്ളി. അത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും സ്പീക്കറുടെ പരാമർശം അസംബന്ധമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Post a Comment

0 Comments