ശ്രീലകം ഫിനാൻസിന്റെ മറവിൽ കോടികളുടെ സ്വർണപ്പണയത്തട്ടിപ്പ്; യുവമോർച്ച നേതാവിന്‍റെ കൂട്ടാളി പിടിയിൽ

 


ചാരുംമൂട്: ആലപ്പുഴ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പ്രതിയായ സ്വർണപ്പണയ വായ്പാത്തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ടിനു തമ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം മൂന്നുമുതൽ ഒളിവിലായിരുന്ന ഇവരെ ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദേശാനുസരണം കുറത്തികാട് എസ് എച്ച് ഒ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപമുള്ള ബന്ധുവായ മിനി ഫിലിപ്പിന്റെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ രാഹുൽ രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള എന്നിവർ ഇപ്പോഴും ഒളിവിലാണ്. അറസ്റ്റ് വിവരമറിഞ്ഞ് സ്വർണവും പണവും നഷ്ടപ്പെട്ട നിരവധിപേർ പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി.

ചുനക്കര, കറ്റാനം ഭരണിക്കാവ് ഇല്ലത്തുമുക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ശ്രീലകം ഫിനാൻസിൽ സ്വർണപ്പണയ വായ്പയുടെ മറവിലായിരുന്നു സംഘം കോടികളുടെ വെട്ടിപ്പ് നടത്തിയത്. മറ്റ് ബാങ്കുകളിൽ പണയംവെച്ച സ്വർണ ഉരുപ്പടികൾ ടേക്ക് ഓവർ ചെയ്ത് കുറഞ്ഞ പലിശയ്ക്ക് പണയവായ്പ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണം കൈക്കലാക്കുകയായിരുന്നു. ഇടപാടുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. നാലുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ആഗസ്റ്റ് മൂന്നിന് കറ്റാനം സ്വദേശിനി സുമ വിനോദ് ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. കുറത്തികാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ അമ്പതോളം പേർ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്

Post a Comment

0 Comments