നീറ്റ് ചോദ്യപേപ്പർ ചോർച്ച; 132 ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർഥിക്ക് ചോർത്തി

 


ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമയുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തൽ.

എൻടിഎ പാനലിലെ കെമിസ്ട്രി വിദഗ്ധനായ പ്രഹ്ലാദ് കുൽക്കർണിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ ‘ഡീലക്സ് റൂമിൽ’ മൂന്ന് ദിവസങ്ങളിലായി വിദ്യാർഥിക്ക് രഹസ്യ ക്ലാസുകൾ നൽകിയെന്നും ഇതിനിടെ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതി നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിംഗ് സെന്റർ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങൾ ലഭിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കുൽക്കർണിയെയും ആശുപത്രി ഉടമ ഡോ. മനോജ് ഷിരൂരെയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്ത നോട്ട്ബുക്ക് പരീക്ഷയ്ക്ക് ശേഷം ആക്രിക്കാരന് വിറ്റതായും വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്. ജൂലൈ 28ന് ഡൽഹി കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

Post a Comment

0 Comments