സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു; മെസി വിവാദത്തിൽ മുൻ മന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒ.ജെ. ജനീഷ്

 


ലയണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ മന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. സർക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന വാദത്തിൽ യാതൊരു കഴമ്പുമില്ലെന്നും, സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത് ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് ഇടപാടുകൾ നടത്തിയതെന്നും, അർജന്റീന ഫുട്ബോൾ അസോസിയേഷന് അയച്ച ഇമെയിലിൽ സിസി ഉണ്ടായിരുന്ന ‘അമീറ’ ആരെന്നതിൽ വ്യക്തത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആക്ഷേപം നേരിടുന്ന കമ്പനിക്ക് പണം നൽകിയതിലൂടെ സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനാണ് നീക്കം നടന്നതെന്നും, നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും മന്ത്രി ഒ.ജെ. ജനീഷ് കുറ്റപ്പെടുത്തി. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. രണ്ട് വർഷം ആശയവിനിമയം നടത്തിയിട്ടും വലിയ വീഴ്ചകളാണ് സംഭവിച്ചത്. ആദ്യഘട്ടത്തിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതിൽ ബന്ധമുണ്ടായിരുന്നില്ലെന്നും, ആർ.ബി.സി എങ്ങനെ ഇതിലേക്ക് കടന്നുവന്നു എന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടക്കം മുതൽ ദുരൂഹത നിറഞ്ഞതായിരുന്നു ഈ നീക്കങ്ങൾ.

മുൻ മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും സ്വകാര്യ വ്യക്തികൾക്ക് ഗുണകരമാകുന്ന രീതിയിൽ ഇടപെടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫിഫയോ, അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനോ, കേരള ഫുട്‌ബോൾ അസോസിയേഷനോ ഈ വിഷയങ്ങളൊന്നും അറിഞ്ഞിരുന്നില്ല. സർക്കാരിന് സാമ്പത്തിക ബാധ്യത മാത്രമല്ല, വലിയ നിയമപരമായ ബാധ്യത കൂടിയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പണം കൈമാറ്റം ചെയ്യാൻ അനുമതി ലഭിച്ചതുകൊണ്ട് മാത്രം ഒരു കരാർ ശുദ്ധമാകുന്നില്ല. 126 കോടി രൂപ നൽകിയിട്ടുണ്ടെങ്കിൽ അത് സർക്കാരിന് നഷ്ടമാണ്. കരാറിൽ പങ്കാളിത്തമുണ്ടെങ്കിൽ ഈ തുക തിരികെ ലഭിക്കേണ്ടതല്ലേയെന്നും, വിദേശത്തേക്ക് എന്തിനാണ് പണം അയച്ചതെന്നും എന്തിനാണ് അത് ഉപയോഗിച്ചതെന്നും തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments