പുതിയ തൊഴിലുറപ്പ് നിയമം വന്നതോടെ കേരളത്തിന് നഷ്ടമായത് 13 ലക്ഷത്തിലധികം തൊഴില്‍ ദിനങ്ങള്‍




കോഴിക്കോട്: പുതിയ തൊഴിലുറപ്പ് നിയമം വന്നതോടെ തൊഴില്‍ ദിനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പുതിയ നിയമം നടപ്പിലാക്കിയ ജൂലൈ മാസം മാത്രം കേരളത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 13 ലക്ഷം തൊഴില്‍ ദിനങ്ങളാണ് കുറഞ്ഞത്.

പുതിയ നിയമത്തിലെ ഭേദഗതികളാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ വികസത് ഭാരത് ഗ്രാമീണ തൊഴിലുറപ്പ് ഉപജീവന ദൗത്യം എന്ന പേരിലാണ് പുതിയ നിയമം നടപ്പിലാക്കിയത്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴി ഈ വര്‍ഷം ജൂണില്‍ 60,88,696 തൊഴില്‍ ദിനങ്ങളാണ് കേരളത്തിന് നല്‍കിയത്. പുതിയ നിയമം വന്നതോടെ ഇത് 47,41,687 ആയി. അതായത് 13,47,009 തൊഴില്‍ ദിനങ്ങൾ കുറഞ്ഞു.

ആഗസ്റ്റ് ഒന്ന് മുതൽ 21 വരെയുള്ള കണക്ക് പ്രകാരം 16,27,622 ദിനങ്ങള്‍ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. പല മേഖലകളിലും പുതിയ നിയമം വന്നതിനുശേഷം തൊഴിലാളികള്‍ക്ക് ഒരു തൊഴില്‍ പോലും ലഭിച്ചിട്ടില്ല.

പുതിയ നിയമനനുസരിച്ച് ഒരോ പഞ്ചായത്തുകളും വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ തയ്യാറാക്കണം. ഈ കമ്മറ്റിയാണ് തൊഴില്‍ നല്‍കേണ്ടത്. എന്നാല്‍ മിക്ക പഞ്ചായത്തുകളിലും ഇത് നടന്നിട്ടില്ല. മുമ്പ് പൊതുകാര്യങ്ങള്‍ക്ക് മാത്രമല്ല സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും തൊഴിലുറപ്പ് വഴി പണികള്‍ ചെയ്യാമായിരുന്നു.

പുതിയ നിയമ പ്രകാരം സ്വകാര്യ വ്യക്തികളുടെ ഒരു പണിയും എടുക്കാന്‍ കഴിയില്ല. കൃഷി നടക്കുന്ന സമയങ്ങളില്‍ 60 ദിവസം തൊഴിലുറപ്പ് ജോലിക്ക് ഇടവേള നല്‍കാമെന്നും വ്യവസ്ഥയുണ്ട്.

ഇത് തൊഴിലാളികള്‍ക്ക് ജോലി കുറയാന്‍ കാരണമാകുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമത്തില്‍ ഒരു വ്യക്തിക്ക് വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങളാണ് ഉറപ്പ് നല്‍കിയിരുന്നത്. പുതിയ നിയമത്തിന് കീഴില്‍ ഒരു കുടുംബത്തിന് 125 തൊഴില്‍ ദിനങ്ങളാണ് നല്‍കുക.

Post a Comment

0 Comments