ആധാർ കാർഡിലെ ജനനത്തീയതിയിൽ തെറ്റുണ്ടോ? തിരുത്താൻ രേഖകളുമായി സേവനകേന്ദ്രത്തിലെത്തിയാലും അപേക്ഷ സ്വീകരിക്കാൻ മടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. അപേക്ഷയ്‌ക്കൊപ്പം നൽകുന്ന രേഖകൾ നിരസിക്കപ്പെട്ടാൽ പിഴ ചുമത്തുമെന്ന ആശങ്കയിലാണ് പല ആധാർ സേവനകേന്ദ്രങ്ങളും ജനനത്തീയതി തിരുത്തൽ അപേക്ഷകളിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇതോടെ ആധാറിൽ തെറ്റായ ജനനത്തീയതിയുള്ളവർക്ക് അത് തിരുത്തുക കൂടുതൽ ബുദ്ധിമുട്ടായി.
പുതിയ ആധാർ എടുക്കാനും നിലവിലുള്ള ആധാർ തിരുത്താനും ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടികയിൽനിന്ന് കഴിഞ്ഞ ഡിസംബറിൽ ആധാർ അതോറിറ്റിയായ യു.ഐ.ഡി.എ.ഐ. നിരവധി രേഖകൾ ഒഴിവാക്കിയിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് ആധാറിൽ മാറ്റം വരുത്താനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. നിലവിൽ ആധികാരിക രേഖയായി ജനനസർട്ടിഫിക്കറ്റ് നൽകുന്ന അപേക്ഷകളിൽ മാത്രമാണ് ആധാറിലെ ജനനത്തീയതി തിരുത്താൻ സാധിക്കുന്നത്.
ഫോട്ടോ പതിച്ചതും ബാർകോഡ് ഉള്ളതുമായ എസ്.എസ്.എൽ.സി. ബുക്ക്, പാസ്‌പോർട്ട് എന്നിവ ആധികാരിക രേഖകളായി പരിഗണിക്കുന്നുണ്ടെങ്കിലും ഇവയുമായി എത്തുന്ന അപേക്ഷകളും പലപ്പോഴും നിരസിക്കപ്പെടുന്നതായാണ് പരാതി. സ്കൂൾ സർട്ടിഫിക്കറ്റ് നേരത്തേ തന്നെ ജനനത്തീയതി തിരുത്താനുള്ള രേഖകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ എസ്.എസ്.എൽ.സി. ബുക്ക് ഇല്ലാത്ത പ്രായമായവരുടെ ആധാറിലെ ജനനത്തീയതി തിരുത്തലും വലിയ വെല്ലുവിളിയായി.
പാൻകാർഡ്, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ്, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന കുടുംബാവകാശ രേഖ, പൊതുമേഖലാ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ്‌ബുക്ക് തുടങ്ങിയ രേഖകളും നേരത്തേ പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള രേഖകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. രേഖകളുടെ കാര്യത്തിലെ ഈ നിയന്ത്രണങ്ങളും അപേക്ഷകൾ നിരസിക്കപ്പെടുമെന്ന സേവനകേന്ദ്രങ്ങളുടെ ആശങ്കയും ചേർന്നതോടെ ആധാറിലെ ജനനത്തീയതി തിരുത്തൽ പലർക്കും ഇപ്പോഴും കടമ്പയായി തുടരുകയാണ്.
%20(1).jpg)
0 Comments