കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ മാസം 19 ന് നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നഗരസഭയെ ആര് നയിക്കും എന്നതിൽ വ്യക്തത ലഭിക്കും. കോൺഗ്രസ് വിമത കൗൺസിലർമാരുടേയും എൽഡിഎഫിന്റെയും പിന്തുണ സ്വതന്ത്ര കൗൺസിലർ ആയ രാഹുലിന് ആണ്. യുഡിഎഫും പുളിക്കകണ്ടം കുടുംബവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയും ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ മത്സരിക്കും.
കയ്യാങ്കളി, മോഷണ പരാതി ഒടുവിൽ അവിശ്വാസ പ്രമേയം. ഏറെ പ്രതീക്ഷയോടെ യുഡിഎഫ് പിന്തുണയിൽ അധികാരത്തിൽ വന്ന സ്വതന്ത്ര കൂട്ടായ്മക്ക് ഏഴു മാസത്തിൽ കൂടുതൽ ഭരിക്കാൻ സാധിച്ചില്ല. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചെയർപേഴ്സന്റെ തീരുമാനം മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
ഭരണത്തിൽ തങ്ങൾക്ക് യാതൊരു റോളും ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ആക്ഷേപം ഉന്നയിച്ചു. ഭരണ പ്രതിസന്ധി രൂക്ഷമായതോടെ അവസരം മുന്നിൽ കണ്ട് എൽഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. ഭരണം നഷ്ടപ്പെടാതിരിക്കാൻ കേരള കോൺഗ്രസ് ജോസഫ വിഭാഗവും കോൺഗ്രസിന്റെ ജില്ലാ നേതൃത്വവും പരമാവധി ശ്രമിച്ചു. എന്നിട്ടും വിപ്പ് ലംഘിച്ച് 4 കൗൺസിലർമാരാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്.
നിലവിലെ 26 അംഗ സഭയിലെ കക്ഷിനില ഇപ്രകാരം... എൽഡിഎഫിന് 12 അംഗങ്ങൾ. 10 കേരള കോൺഗ്രസ് മാണി വിഭാഗവും രണ്ട് സിപിഎം കൗൺസിലർമാരും. കോൺഗ്രസ് വിമത കൗൺസിലർമാരായി ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, സ്വതന്ത്ര കൗൺസിലർ മായാ രാഹുലും . മറുവശത്ത് യുഡിഎഫിന് നിലവിൽ 6 കൗൺസിലർമാരാണുള്ളത്. കോൺഗ്രസിന് രണ്ട്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം മൂന്ന്, കെഡിപിക്ക് ഒന്ന്. സ്വതന്ത്ര മുന്നണിയായ പുളിക്കകണ്ടം കുടുംബത്തിലെ മൂന്നു കൗൺസിലർമാരുമുണ്ട്.
ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ പിന്തുണയ്ക്കാനാണ് എൽഡിഎഫ് തീരുമാനം. കോൺഗ്രസ് വിമത കൗൺസിലർമാരായ നാല് പേരുടെ പിന്തുണയും മായാ രാഹുലിന് ലഭിക്കും. അങ്ങനെയെങ്കിൽ 17 പേരുടെ പിന്തുണയോടെ മായാ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ ആകും. മറുപക്ഷത്ത് പുളിക്കക്കണ്ടം കൗൺസിലർമാർ ഉൾപ്പെടെ 9 പേർ, കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തും. അക്കങ്ങളും അംഗങ്ങളും മാറിമറിയുന്ന പാലാ നഗരസഭയിൽ. ആരൊക്കെ പാലം വലിക്കും ആര് ആരെയോക്കെ പിന്തുണയ്ക്കുമെന്ന് അറിയാൻ ആഗസ്റ്റ് 19 വരെ കാത്തിരിക്കണം.

0 Comments