നാടൻ ഭക്ഷണത്തിന്റെയും ഔഷധസസ്യങ്ങളുടെയും പ്രാധാന്യം പരിചയപ്പെടുത്തി കർക്കിടക ദിനാചരണം



സുൽത്താൻ ബത്തേരി: നാടൻ ഭക്ഷണത്തിന്റെയും ഔഷധസസ്യങ്ങളുടെയും പ്രാധാന്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി നിർമ്മല മാതാ പബ്ലിക് സ്കൂളിൽ കർക്കിടക ദിനാചരണം സംഘടിപ്പിച്ചു. നല്ലപാഠം, സീഡ് ക്ലബ്, എക്കോ ക്ലബ്, ലോ ഗ്രീൻ ക്ലബ്, കതിര് ക്ലബ് തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ പത്ത് തരം ഇലകൾ ഉപയോഗിച്ച് സ്കൂളിൽ തന്നെ തയ്യാറാക്കിയ ഇലത്തോരൻ ഒരുക്കി വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കർക്കിടക മാസത്തിന്റെ പ്രത്യേകതകളും വിവിധ ഇലകളുടെ ഔഷധഗുണങ്ങളും സംബന്ധിച്ച് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗീത തമ്പി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു.

കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന കർക്കിടകക്കഞ്ഞി, കർക്കിടകക്കൂട്ട്, കർക്കിടക ലേഹ്യം തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ക്ലാസുകളിൽ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികൾ വിഭവങ്ങൾ പരസ്പരം പങ്കുവെച്ച് രുചിച്ചറിഞ്ഞു. പാരമ്പര്യ ഭക്ഷണരീതികളുടെയും നാടൻ ഔഷധവിഭവങ്ങളുടെയും മഹത്ത്വം തിരിച്ചറിയുന്നതിനുള്ള അവസരമായി പരിപാടി മാറി.

ഫാ. ലിൻ ചെറിയാൻ അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ലിയ ജോസഫ് സ്വാഗതം ആശംസിച്ചു. ലിനറ്റ് ജേക്കബും ഷീന സതീഷും പരിപാടിയുടെ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.

Post a Comment

0 Comments