തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ട്മുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്.
പുലർച്ചെ നാലരയോടെ തീരദേശ പാതയിലെ പുത്തൻതോപ്പ് അണക്കപ്പിള്ള ജംഗ്ഷനിൽ ആയിരുന്നു അപകടം. തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. മെഡിക്കൽ കോളജ് സ്റ്റാൻഡിലെ ഓട്ടോയാണ്. ഓട്ടോ ഡ്രൈവർ ആക്കുളം തുറുവിക്കൽ സ്വദേശിയായ ഷാജുകുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും ഷോൺ മരിച്ചിരുന്നു. കഠിനംകുളം പൊലീസ് മേൽനടപടികൾ സ്വീകരിക്കും.
0 Comments