പാലക്കാട്: എൽഡിഎഫിലെ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ. പ്രതിസന്ധി ഘട്ടത്തിലെല്ലാം സിപിഎമ്മിനെ സമീപിച്ചവരാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിപിഐയുടെ നിലപാടാണ് ബിനോയ് വിശ്വനും അതുപോലെതന്നെ സത്യനും ഇനിയും പറഞ്ഞത്. അവർ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും. രണ്ടു പാർട്ടികളും പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ ഇതൊരു രൂപത്തിലും ബാധിക്കില്ല. ഇത് ഈ ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ ഒരു കുറുക്കനുണ്ട്, ഇതിപ്പോൾ വീഴും കടിക്കാം എന്ന് വിചാരിച്ച്. മുൻകാലങ്ങളിൽ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മുസ്‍ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലുപിടിച്ചിട്ടുണ്ടെന്നും അതിൽ അനുകൂല സമീപനം ഉണ്ടായിട്ടുണ്ടെന്നും എ.കെ ബാലൻ ഓർമിപ്പിച്ചു.
സിപിഐ ഒരു പ്രത്യേക പാർട്ടിയാണ്, സിപിഎം ഒരു പ്രത്യേക പാർട്ടിയാണ്. രണ്ടുപേർക്കും പ്രത്യയശാസ്ത്ര രാഷ്ട്രീയ സംഘടനാ നിലപാടുണ്ട്. അതിൽ നിന്നുകൊണ്ട് അവരവരുടെ നയവും തീരുമാനങ്ങളും ശക്തമായി പറയാനും അതിന് പ്രതികരിക്കാനുമുള്ള അവകാശം ഈ രണ്ടു പാർട്ടികൾക്കുമുണ്ട്, അതിൽ ഒരു തെറ്റുമില്ല. മാത്രവുമല്ല, ഒരു പ്രീസിഡന്റ് ഇല്ലാത്ത ഒരു കാര്യം ഒരു അജണ്ടയുടെ ഭാഗമായിട്ട് വരുമ്പോൾ സ്വാഭാവികമായും അത് ചർച്ച ചെയ്യപ്പെടുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ആൾക്കാർക്കും അറിയാം, അത് ആരെയാണോ ബാധിക്കാൻ പോകുന്നത് അവർക്കും അറിയാം. അപ്പോൾ അത് ചർച്ചാവിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന സമസ്‌ത കാന്തപുരം വിഭാഗത്തിന്‍റെ പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സ്ത്രീവിരുദ്ധ പരാമർശം ദൈവം വന്ന് പറഞ്ഞാലും സിപിഎം അംഗീകരിക്കില്ലെന്ന് ബാലൻ വ്യക്തമാക്കി.

0 Comments