തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം അലവൻസ് വർധിപ്പിച്ചു. 500 രൂപയിൽ നിന്ന് 1000 രൂപയാക്കിയാണ് വർധിപ്പിച്ചത്. സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് വിപുലമായ സാമ്പത്തിക സഹായങ്ങൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസം 19 മുതൽ വിതരണം ആരംഭിക്കുന്നതിനായി 1105 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ, സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും ഓണത്തോടനുബന്ധിച്ച് 1450 രൂപ വീതം പ്രത്യേക സഹായമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് 1200 രൂപ വീതം ആശ്വാസ ധനം ലഭിക്കും. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശിക വിതരണം ചെയ്യാനും, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉൾപ്പെടെ ലഭ്യമാക്കുന്നതിനൊപ്പം, അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപയും സർക്കാർ അനുവദിച്ചു.

0 Comments