എഫ്‌സിആർഎ ബിൽ ജെപിസിക്ക് വിട്ടു; പ്രതിപക്ഷ ബഹളത്തിനിടെ പ്രമേയം പാസാക്കി

 


ന്യൂഡൽഹി: എഫ്‌സിആർഎ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (JPC) വിടാനുള്ള പ്രമേയം ലോക്‌സഭയിൽ പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ എത്താത്തതിനാൽ ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയ അവതരണത്തിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കി പ്രതിഷേധിച്ചു. ഇതോടെ ശബ്ദവോട്ടെടുപ്പോടെയാണ് പ്രമേയം പാസാക്കിയത്. ലോക്സഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു. 

എഫ്‌സിആർഎ ബിൽ ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ലക്ഷ്യം വെക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. എന്നാൽ വിദേശ ഫണ്ടുകൾക്ക് കൃത്യമായ നിയമസാധുത ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി കിരൺ റിജിജു സഭയിൽ വ്യക്തമാക്കി.

ബില്ല് പിൻവലിക്കണണെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നത്. സർക്കാർ കൊണ്ടുവരുന്ന ബില്ലുകളെല്ലാം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും ഈ ബില്ലിനെ പ്രതിപക്ഷം ഒന്നടങ്കം എതിർക്കുന്നുവെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. ബിൽ ന്യൂനപക്ഷങ്ങളെയും എൻജിഒകളെയും വേട്ടയാടാൻ ഉദ്ദേശിച്ചുള്ളതാണ്. അത് പിൻവലിക്കമെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

'അവസാന നിമിഷമാണ് ഈ ബിൽ കൊണ്ടുവന്നത്. അമിത് ഷാ ഈ ബിൽ അവതരിപ്പിക്കുന്നുണ്ടെന്ന് ഉച്ചയോടെ ലോക്സഭാ സെക്രട്ടറിയുടെ സന്ദേശം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം ഇന്നും സഭയിൽ ഹാജരായില്ല. ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയം സഹമന്ത്രിയാണ് അവതരിപ്പിച്ചത്. ഈ ബിൽ പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഒരു വശത്ത് ആർഎസ്എസിന് ലോകമെമ്പാടുനിന്നും രജിസ്‌ട്രേഷൻ കൂടാതെ സംഭാവനകൾ ലഭിക്കുന്നു. മറുവശത്ത്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻജിഒകളെയും ന്യൂനപക്ഷങ്ങളെയും കേന്ദ്രം ലക്ഷ്യമിടുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടും പ്രതികരിച്ചിരുന്നു.

നേരത്തെ നാഗാലാൻഡ് മുഖ്യമന്ത്രി നീഫിയു റിയോ, മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ എന്നിവരും ബില്ലിനെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മയും ബില്ലിലെ വ്യവസ്ഥകളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് 2026ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 31 അംഗങ്ങളുള്ള ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. 31 അംഗങ്ങളുള്ള സഭാസമിതി 2026-ലെ ശൈത്യകാല സമ്മേളനത്തിന് മുൻപായി റിപ്പോർട്ട് സമർപ്പിക്കും.

Post a Comment

0 Comments