കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ വേദിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും പ്രശംസിച്ച് ചലച്ചിത്ര താരം ജഗദീഷ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാനായി കാത്തിരിക്കാറുണ്ടെന്നും അത് വിനോദവും വിജ്ഞാനവും നിറഞ്ഞതാണെന്നും സഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ പ്രസ് കോൺഫറൻസുകളും അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയും. വെരി ഡാഷിങ്, വെരി ഡയറിങ്, വെരി ഡിപ്ലമാറ്റിക് എന്നൊക്കെ, എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം 'വെരി ഡൗൺ ടു എർത്ത് സതീശൻ' ആണ്. തനിക്ക് ഈ സർക്കാരുമായി ബന്ധപ്പെട്ട് ഒരു പദവികളും വേണ്ടെന്ന് ആദ്യമേ വ്യക്തമാക്കിയതിനാൽ കാര്യങ്ങൾ നിഷ്പക്ഷമായി തുറന്നു പറയാൻ സാധിക്കുമെന്നും താരം വ്യക്തമാക്കി. താനൊരു നിഷ്പക്ഷനായ കലാകാരനാണെന്നും അതിനാൽ സർക്കാരിനെ വിമർശിക്കാനും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കാനും തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും താരം പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ഒരു അനുഭവവും അദ്ദേഹം വേദിയിൽ പങ്കുവെച്ചു. അന്ന് 42 യോഗങ്ങളിൽ പ്രസംഗിക്കാൻ പട്ടികയിലുണ്ടായിരുന്ന തന്നോട്, അത്രയും ഓടി നടന്ന് കഷ്ടപ്പെടേണ്ടതില്ലെന്നും 20, 22 യോഗങ്ങളിൽ പങ്കെടുത്താൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞത് മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്ന അദ്ദേഹത്തിന്റെ മനസ്സിന്റെ തെളിവാണെന്നും താരം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിക്ക് പുറമെ അനൂപ് ജേക്കബ്, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ,ദീപക് ജോയ് എന്നിവരെക്കുറിച്ചുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ചു.

0 Comments