കൽപ്പറ്റ: വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. സർവതല സ്‌പർശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികൾക്കാണ് ജില്ല നേതൃത്വം നൽകുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വർദ്ധനവ് ശക്തമായി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സിവിൽ പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവിൽ പ്ലൈസ് കോർപറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടായിരം ചന്തകളിലൂടെ 30 ശതമാനം വിലക്കുറവിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നുണ്ട്. കർഷകരിൽ നിന്നും പച്ചക്കറി സംഭരിച്ച ഇനത്തിൽ കർഷകർക്ക് നൽകാനുള്ള മുഴുവൻ തുകയും സർക്കാർ നൽകി. സംസ്ഥാനത്തെ നെൽ കർഷകർക്ക് നൽകാനുള്ള സമ്പൂർണ്ണ തുകയും ഓഗസ്റ്റ് 31 നകം വിതരണം ചെയ്യും. പ്രയാസമില്ലാതെ ഏല്ലാവർക്കും ഓണം ആഘോഷിക്കാൻ സർക്കാർ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
കൽപ്പറ്റ ജനറൽ ആശുപത്രിയോട് ചേർന്ന് എൽസ്റ്റൺ എസ്‌റ്റേറ്റിൽ 45 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ചൂരൽമല, ടൗൺഷിപ്പ് മേഖലകളിലെ കിടപ്പു രോഗികൾക്ക് അക്ഷയപാത്ര ഫൗണ്ടേഷൻ നൽകുന്ന ഓണക്കിറ്റ്, ജില്ലയിലെ വിവിധ കോഴ്സുകളിൽ പഠിക്കുന്ന അർഹരായ 50 കുട്ടികൾക്ക് ഇ.വൈ.ജി.ഡി.എസ് സി.എസ്.ആർ കമ്പനി നൽകുന്ന ലാപ്ടോപ്പ്, ഓണക്കോടി എന്നിവ മന്ത്രി വിതരണം ചെയ്തു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഓണം വാരാഘോഷ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. ജില്ലാ കളക്‌ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ പി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, വൈസ് പ്രസിഡന്റ്റ് ജിൻസി സണ്ണി, ഡി.റ്റി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, അക്ഷയപാത്ര ഫൗണ്ടേഷൻ പ്രതിനിധി ഡോ മഹോത്സഹ ചൈതന്യ ദാസ്, ഇ.വൈ.ജി.ഡി.എസ് സി.എസ്.ആർ കമ്പനി പ്രതിനിധി വി.എസ് വിനോദ്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
%20(1).jpg)
0 Comments