സിനിമ പ്രേമികൾക്ക് വിരുന്നൊരുക്കി വാരാന്ത്യം; ഈ ആഴ്ച ഒടിടിയിലും തിയറ്ററിലും എത്തുന്നത് നിരവധി ചിത്രങ്ങൾ

 



ആഗസ്റ്റ് 26 മുതൽ 28 വരെ ഒടിടിയിലും തിയറ്ററുകളിലുമായി നിരവധി പുതിയ സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ബോളിവുഡ്, തമിഴ്, മലയാളം സിനിമകൾക്കൊപ്പം വിവിധ ഭാഷകളിലുള്ള ചിത്രങ്ങളും ഈ ആഴ്ച റിലീസ് പട്ടികയിലുണ്ട്.


ഒടിടിയിൽ ബോളിവുഡ് ചിത്രങ്ങൾ

ദ ലാസ്റ്റ് സല്യൂട്ട്

എ ലവ് ലെറ്റർ ടു മിഗ്-21 ആഗസ്റ്റ് 26ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന മിഗ്-21ന്റെ 62 വർഷത്തെ യാത്രയാണ് ഡോക്യുമെന്ററി പറയുന്നത്. വിമാനത്തിന്റെ സാങ്കേതിക വശങ്ങൾക്കപ്പുറം യുദ്ധവിമാനവും പൈലറ്റുമാരും തമ്മിലുള്ള വൈകാരിക ബന്ധത്തിനാണ് ചിത്രം പ്രാധാന്യം നൽകുന്നത്.

ബബിത സിങ് റിപ്പോർട്ടിങ്

ആഗസ്റ്റ് 28ന് പ്രൈം വീഡിയോയിലെത്തും. നിമിഷ സജയൻ അവതരിപ്പിക്കുന്ന ബബിത സിങ് എന്ന സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുടുംബപരിപാടിക്കായി അവധിയെടുക്കാൻ വ്യാജ കുറ്റം ഏറ്റെടുക്കുന്ന ബബിത, ബാല്യകാല സുഹൃത്തിന്റെ കൊലപാതകത്തെ തുടർന്ന് അനൗദ്യോഗിക അന്വേഷണത്തിലേക്ക് കടക്കുന്നതാണ് കഥ.


ബന്ദർ

ആഗസ്റ്റ് 28ന് സീ5ൽ സ്ട്രീം ചെയ്യും. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി ഡിയോൾ, സാന്യ മൽഹോത്ര, സപ്ന പബ്ബി, സബ ആസാദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മുൻ പങ്കാളി ബലാത്സംഗ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഒരു ടെലിവിഷൻ താരത്തിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് ചിത്രം അവതരിപ്പിക്കുന്നത്.

ആൽഫ

ആഗസ്റ്റ് 28ന് നെറ്റ്ഫ്ലിക്സിലെത്തും. യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ചിത്രത്തിൽ ആലിയ ഭട്ടും ശർവരിയും പ്രധാന വേഷങ്ങളിലെത്തുന്നു. ബോബി ഡിയോൾ, അനിൽ കപൂർ എന്നിവർക്കൊപ്പം ഹൃത്വിക് റോഷനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ഫാമിലി കിരാന സ്റ്റോർ സീസൺ 2

ആഗസ്റ്റ് 28ന് ടിവിഎഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശനം ആരംഭിക്കും. ചെറിയ പട്ടണത്തിലെ ഒരു കുടുംബം വീടിനോട് ചേർന്ന് നടത്തുന്ന പലചരക്ക് കടയും അതിനെ ചുറ്റിപ്പറ്റിയുള്ള കുടുംബബന്ധങ്ങളും രസകരമായ സംഭവങ്ങളുമാണ് സീരീസിന്റെ പ്രമേയം.


തമിഴിൽ തിയറ്റർ റിലീസുകൾ

വൺസ് മോർ

ആഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും. അർജുൻ ദാസും അദിതി ശങ്കറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രണയവും നഷ്ടബോധവുമാണ് പറയുന്നത്. നവാഗതനായ വിഘ്നേഷ് ശ്രീകാന്താണ് സംവിധാനം.

ഹായ്

ആഗസ്റ്റ് 28ന് റിലീസ് ചെയ്യും. കവിനും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഒരേ വീട്ടിൽ താമസിക്കുന്ന രണ്ട് പേർ തമ്മിൽ രൂപപ്പെടുന്ന ബന്ധമാണ് പ്രമേയം. ചിത്രം തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യും.

അമരം

അമരം എന്ന തമിഴ് ആക്ഷൻ ത്രില്ലറും ആഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും. അരവിന്ദ് സ്വാമിയും റെജീന കസാൻഡ്രയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. രാജപാണ്ടിയാണ് സംവിധാനം.

തമിഴ് ഒടിടി റിലീസ്

അൻബേ ഡയാന

ആഗസ്റ്റ് 28ന് സോണി ലിവിലെത്തും. ചെന്നൈയിലെ പെരമ്പൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ റൊമാന്റിക് കോമഡി ഡ്രാമയിൽ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള യുവാക്കൾ തമ്മിലുള്ള പ്രണയവും കുടുംബ പ്രതീക്ഷകളും സാംസ്കാരിക വ്യത്യാസങ്ങളുമാണ് പ്രമേയം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും.

മലയാളം ഒടിടി റിലീസുകൾ

പ്ലൂട്ടോ

ആഗസ്റ്റ് 24ന് സൈന പ്ലേയിൽ സ്ട്രീമിങ് ആരംഭിച്ചു. നീരജ് മാധവ് നായകനാകുന്ന സയൻസ് ഫിക്ഷൻ കോമഡിയാണ് ചിത്രം. ജീവിതത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന വിക്കി എന്ന യുവാവ് അപ്രതീക്ഷിതമായി ഒരു അന്യഗ്രഹജീവിയുമായി സൗഹൃദത്തിലാകുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് കഥ.

ഐ, നോബഡി

ആഗസ്റ്റ് 25ന് ജിയോ ഹോട്ട്സ്റ്റാറിലെത്തി. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിസാം ബഷീർ സംവിധാനം ചെയ്യുന്നു. 17 കോടി രൂപയുടെ ബാങ്ക് കവർച്ചയ്ക്കിടെ ബാങ്കിനുള്ളിൽ കുടുങ്ങിപ്പോകുന്ന സാധാരണ സർക്കാർ ജീവനക്കാരൻ കവർച്ചയിൽ പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നതാണ് കഥയുടെ പ്രധാന പ്രമേയം.

ലർക്ക്

ആഗസ്റ്റ് 26ന് സൺ നെക്സ്റ്റിൽ സ്ട്രീം ചെയ്യും. കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണ് ചിത്രം. സൈജു കുറുപ്പ്, എം.എ നിഷാദ്, അനുമോൾ, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ആഗസ്റ്റ് അവസാന വാരത്തിൽ വിവിധ ഭാഷകളിലായി തിയറ്ററിലും ഒടിടിയിലും എത്തുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് വ്യത്യസ്ത ജോണറുകളിലുള്ള നിരവധി തിരഞ്ഞെടുപ്പുകളാണ് നൽകുന്നത്.

Post a Comment

0 Comments