തിരുവനന്തപുരം: പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഹവാല പണമിടപാട് വരെ പുറത്തുവന്ന സാഹചര്യത്തിൽ ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റിനിർത്താൻ സിപിഎം തയ്യാറാകണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി. വീണയ്ക്ക് കിട്ടിയ പണമെല്ലാം പിണറായിക്ക് കിട്ടിയ കൈക്കൂലിയാണെന്നും ഈ നാടിനെ വിറ്റ പണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാതൊരു സേവനവും നൽകാതെയാണ് ബിസിനസ് കമ്പനികൾ വീണയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നും, മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിതാവിനുള്ള പ്രതിഫലമായാണ് ഈ പണം കൈമാറിയതെന്നും ഷോൺ ജോർജ് ആരോപിച്ചു.
വീണ തുടങ്ങിയ മുഴുവൻ സ്ഥാപനങ്ങളും പിണറായിയുടെ അഴിമതിക്ക് കുടപിടിക്കാനുള്ളതാണെന്നും ഇവിടെ നിന്നും ഗൾഫിൽ എത്തിച്ച പണം അവിടെ നിന്നും അമേരിക്കയിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്നും അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
റെയ്ഡിൽ വന്ന ആളുകളൊക്കെ പത്തു വർഷത്തിനുള്ളിൽ സമ്പന്നന്മാരായവരാണ്. റെയ്ഡ് നടന്നത് വീണയുമായി പണമിടപാട് നടത്തിയെന്ന് ഉറപ്പുള്ളവരുടെ വീടുകളിൽ മാത്രമാണ്. യാതൊരു സേവനവും ഇല്ലാതെ വീണ കൈപ്പറ്റിയ മുഴുവൻ പണവും പിണറായി വിജയനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments