സുൽത്താൻ ബത്തേരി: പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ കടമാഞ്ചിറയിലെ പൂന്തോട്ടം സന്ദർശിച്ച് നിർമല മാതാ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
കടമാഞ്ചിറയിലെ സമീപവാസികളായ ജാഫർ കുപ്പാടി, ജയൻ (കെ.എസ്.ആർ.ടി.സി.), ഷെരീഫ് (മുത്തു), സംഷാദ് പി., ഷാജി, യേശുദാസ് എന്നിവർ ചേർന്ന് മെയ് മാസത്തിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയാണ് ഇപ്പോൾ പൂത്തുലഞ്ഞ് മിനി ഗുണ്ടിൽപേട്ടയായി മാറിയത്. രാസവസ്തുക്കൾ ഉപയോഗിക്കാതെ നടത്തിയ കൃഷിയുടെ വിവിധ ഘട്ടങ്ങളും പരിപാലന രീതികളും റിട്ട. തഹസിൽദാർ യേശുദാസ് വിദ്യാർഥികൾക്ക് വിശദീകരിച്ചു.
പ്രാദേശികമായി ലഭ്യമായ സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി നടത്തുന്ന ഇത്തരം കൃഷിരീതികളുടെ പ്രാധാന്യവും കുട്ടികൾ മനസ്സിലാക്കി. അധ്യാപകരായ ബിനു എം. എം., അമൃത ട്രീസ ഫ്രാൻസിസ്, സലിത രാജു, സ്മിത മാത്യു എന്നിവരും നല്ലപാഠം കോർഡിനേറ്റർമാരായ ലിനെറ്റ് ജേക്കബ്, ഹിൽഡാ തോമസ് എന്നിവരും സന്ദർശനത്തിന് നേതൃത്വം നൽകി.

0 Comments