ജിഎസ്ടി കുറവിന്റെ ഗുണം ജനത്തിന് കിട്ടിയില്ല; പരിശോധനക്ക് നീക്കം

 




ന്യൂഡല്‍ഹി: ജിഎസ്ടി കുറച്ചതിന്റെ ഗുണം ജനത്തിന് ലഭിച്ചില്ലെന്ന പരാതിയില്‍ പരിശോധനക്ക് നീക്കം തുടങ്ങി ജിഎസ്ടി കൗണ്‍സില്‍. നികുതി കുറച്ച മിക്ക സാധനങ്ങള്‍ക്കും പിന്നീട് വില കൂട്ടിയെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തില്‍ വ്യാപകമായ പരാതികള്‍ ലഭിച്ചതോടെയാണ് കൗണ്‍സില്‍ പരിശോധനക്ക് ഇറങ്ങുന്നത്.

അടുത്ത മാസം ചേരുന്ന കൗണ്‍സില്‍ യോഗം വില വര്‍ധനവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാത്തത് പരിശോധിക്കും. എന്ത് കൊണ്ടാണ് ഉല്‍പന്നവില കുറയാത്തതെന്നതില്‍ വിശദമായ പരിശോധനയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസ് നടത്തിയ പഠനത്തില്‍ ജിഎസ്ടി ഇളവിന്റെ ഫലം പൂര്‍ണമായും ഉപഭോക്താക്കളിലേക്ക് എത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍,പശ്ചിമേഷ്യന്‍ യുദ്ധം മൂലം അസംസ്‌കൃത വസ്്തുക്കളുടെ ഉള്‍പ്പടെ വില വര്‍ധിച്ചതാണ് ഉല്‍പന്നവിലയിലും പ്രതിഫലിച്ചതെന്നാണ് കമ്പനികള്‍ ഉയര്‍ത്തുന്ന വാദം. ഇക്കാര്യം ഉള്‍പ്പടെയുള്ള വാദങ്ങളും ജിഎസ്ടി കൗണ്‍സില്‍ വിശദമായ പരിശോധന നടത്തും.

നേരത്തെ ജിഎസ്ടി നികുതി ഘടന കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു. അഞ്ച്, 18, 40 എന്നിങ്ങനെ മൂന്ന് നികുതികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. മൊബൈല്‍ ഫോണിന്റെ നികുതി കുറക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. മൊബൈല്‍ വില്‍പനയില്‍ ഇടിവുണ്ടായതോടെയാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കാന്‍ തുടങ്ങിയത്.

Post a Comment

0 Comments