തെല്‍ അവീവ്: തന്റെ മക്കളിൽ ഒരാളെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. എന്നാൽ ഈ വധശ്രമം എന്ന്, എവിടെ വെച്ച് നടന്നതാണെന്നോ അല്ലെങ്കിൽ തന്റെ രണ്ടു മക്കളിൽ ആരെയാണ് ലക്ഷ്യമിട്ടതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘർഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വധശ്രമം ഉണ്ടായതായി ഇസ്രയേൽ പ്രധാനമന്ത്രി പരസ്യമായി അവകാശപ്പെടുന്നത്.
ഒക്ടോബർ 27ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, അഭിപ്രായ സർവേകളിൽ പിന്നിൽ നിൽക്കുന്ന നെതന്യാഹു, ചാനൽ 14ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചത്. "ഇറാൻ എന്റെ മക്കളിൽ ഒരാളെ ലക്ഷ്യമിട്ടു. അവനെ വധിക്കാൻ ഇറാൻ ശ്രമിച്ചു. അതിനാൽ തന്നെ ഞങ്ങളുടെ കുടുംബത്തിന് നൽകുന്ന സുരക്ഷാ സംരക്ഷണം ഒരു ആഡംബരമല്ല"- നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന് യായീർ, അവ്‌നർ എന്നിങ്ങനെ രണ്ട് ആൺമക്കളാണുള്ളത്. ഇതിൽ മുതിർന്ന മകനായ യായീർ നിലവിൽ യുഎസിലെ മിയാമിയിലാണ് താമസം. ഏത് മകനാണ് ആക്രമണ ഭീഷണി നേരിട്ടതെന്ന് വ്യക്തമല്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏത് സ്ഥാനാർത്ഥിക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ഷിൻ ബെറ്റ് തലവൻ ഡേവിഡ് സിനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. അതേസമയം നെതന്യാഹുവിന്റെ ആരോപണത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

0 Comments