'ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം ഉണ്ടാവില്ല'; പുലികളിക്കെതിരെ വി.കെ ശ്രീരാമൻ

 



തൃശൂര്‍: പുലികളിയുമായി ബന്ധപ്പെട്ട് എഴുത്തുകാരനും നടനുമായ വി. കെ ശ്രീരാമന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. പുലികളിയെ കുറിച്ചുള്ള നടൻ വി.കെ ശ്രീരാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പ്രതിഷേധാർഹമെന്ന് പുലികളി സംഘങ്ങൾ. പുലിക്കളിയെ അധിക്ഷേപിച്ചുവെന്നും വി.കെ ശ്രീരാമൻ നടത്തിയത് ക്രിമിനൽ കുറ്റമെന്നും സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ജനറൽ സെക്രട്ടറി കെ. കേശവദാസ് പറഞ്ഞു. പോസ്റ്റ്‌ പിൻവലിച്ച് കലാകാരന്മാരോടും പൊതു സമൂഹത്തോടും ശ്രീരാമൻ മാപ്പ് പറയണമെന്നും കേശവദാസ് പറഞ്ഞു.

എന്നാൽ വിമര്‍ശനത്തിൽ ഉറച്ചുനിൽക്കുന്നതായി ശ്രീരാമൻ പറഞ്ഞു. വയറിൽ ചിത്രം വരച്ചു കുലുക്കി ഉള്ള ഒരു കല കാണുമ്പോൾ അത് ശരിയാണെന്ന് തോന്നുന്നില്ല. പലരോടും ചോദിച്ചു, ഇങ്ങനെ ഒരു നൃത്ത രൂപം ഉള്ളതായി അറിയാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ തന്‍റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു .മറ്റുള്ളവരുടെ വിമർശനങ്ങൾ പരിശോധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ശ്രീരാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം.

Post a Comment

0 Comments