മുംബൈ:ഇന്ത്യന്‍ ടെലികോം വിപണിയില്‍ നിര്‍ണായക നീക്കവുമായി വോഡഫോണ്‍ ഐഡിയയും പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും.നെറ്റ്വര്‍ക്ക് പങ്കിടല്‍ കൂടുതല്‍ ടെലികോം സര്‍ക്കിളുകളിലേക്ക് വ്യാപിപ്പിക്കാന്‍ ഇരുകമ്പനികളും ധാരണയിലെത്തി.വോഡഫോണ്‍ ഐഡിയ സി.ഇ.ഒ അഭിജിത് കിഷോറും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റോബര്‍ട്ട് ജെ.രവിയും ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം.
നിലവിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്‍ട്രാ-സര്‍ക്കിള്‍, ഇന്റര്‍-സര്‍ക്കിള്‍ റോമിങ് സംവിധാനങ്ങള്‍ നടപ്പാക്കാനാണ് നീക്കം.ഇതിലൂടെ വിവിധ സര്‍വീസ് ഏരിയകളില്‍ ബിഎസ്എന്‍എല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും ഉപഭോക്താക്കള്‍ക്ക് പരസ്പരം നെറ്റ്വര്‍ക്ക് ഉപയോഗിക്കാനുള്ള അവസരം ലഭിക്കും.ടെലികോം ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ തുടങ്ങിയ നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിടുന്നതും കരാറിന്റെ ഭാഗമാണ്. ഡല്‍ഹിയിലും മുംബൈയിലും ഇരു കമ്പനികളും തമ്മില്‍ ഇതിനകം ഇന്‍ട്രാ-സര്‍ക്കിള്‍ റോമിങ് സംവിധാനമുണ്ട്. പുതിയ നീക്കത്തിലൂടെ ഇത് കൂടുതല്‍ സര്‍ക്കിളുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വിഐക്ക് എന്താണ് നേട്ടം?
വോഡഫോണ്‍ ഐഡിയയ്ക്ക് ഈ സഹകരണം പ്രധാനമായും നെറ്റ്വര്‍ക്ക് വിപുലീകരണത്തിന് സഹായകമാകും.രാജ്യത്ത് 4ജി, 5ജി നെറ്റ്വര്‍ക്ക് കൂടുതല്‍ വേഗത്തില്‍ വ്യാപിപ്പിക്കേണ്ട സാഹചര്യത്തിലാണ് വിഐ. എന്നാല്‍ പുതിയ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഫൈബര്‍ ശൃംഖല വികസിപ്പിക്കുന്നതിനും ഭൂമി കണ്ടെത്തുന്നതിനും ആവശ്യമായ അനുമതികള്‍ നേടുന്നതിനും വലിയ ചെലവും സമയവും ആവശ്യമാണ്.
ഇവിടെയാണ് ബിഎസ്എന്‍എല്ലിന്റെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിഐയ്ക്ക് പ്രയോജനപ്പെടുക. ടവറുകള്‍ക്ക് പുറമെ ഫൈബര്‍ ഒപ്ടിക്‌സ്, റൈറ്റ്സ് ഓഫ് വേ, റിയല്‍ എസ്റ്റേറ്റ് സൗകര്യങ്ങള്‍ എന്നിവയും ബിഎസ്എന്‍എല്ലിന്റെ പ്രധാന ശക്തികളാണ്.
ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുമ്പോള്‍ ഏറ്റവും ചെലവേറിയതും സങ്കീര്‍ണവുമായ ഘടകങ്ങളിലൊന്നാണ് റൈറ്റ്സ് ഓഫ് വേ ലഭ്യമാക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ വിഐയ്ക്ക് നെറ്റ്വര്‍ക്ക് വ്യാപനത്തിന്റെ ചെലവും സമയവും കുറയ്ക്കാന്‍ കഴിയും.
2026 ഏപ്രിലിലെ കണക്കനുസരിച്ച് ബിഎസ്എന്‍എല്‍ ഏകദേശം 1,441 ടവറുകള്‍ വോഡഫോണ്‍ ഐഡിയയ്ക്ക് പാട്ടത്തിന് നല്‍കിയിട്ടുണ്ട്. 4ജി, 5ജി സേവനങ്ങള്‍ക്കായി ബിഎസ്എന്‍എല്‍ ടവറുകളിലെ വിഐയുടെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു.
ബിഎസ്എന്‍എല്ലിന് നേട്ടം
ഈ കൂട്ടുകെട്ടില്‍ നേട്ടമുണ്ടാകുക വിഐയ്ക്ക് മാത്രമല്ല. സ്വന്തം നെറ്റ്വര്‍ക്ക് ദുര്‍ബലമായ ചില ഗ്രാമീണ മേഖലകളിലും മറ്റ് പ്രദേശങ്ങളിലും വിഐയുടെ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ബിഎസ്എന്‍എല്ലിന് കവറേജ് മെച്ചപ്പെടുത്താന്‍ കഴിയും.
പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ സ്ഥലത്തും നിര്‍മ്മിക്കുന്നതിന് പകരം നിലവിലുള്ള നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നതിലൂടെ ചെലവ് നിയന്ത്രിക്കാനും സാധിക്കും.അതേസമയം ബിഎസ്എന്‍എല്ലിന്റെ ടവറുകളും മറ്റ് ഇന്‍ഫ്രാസ്ട്രക്ചറുകളും വിഐ ഉപയോഗിക്കുന്നതിലൂടെ പൊതുമേഖലാ കമ്പനിക്ക് അധിക വരുമാനം നേടാനും കഴിയും.

0 Comments