ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തലക്കുളം എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനാൽ തന്നെ പ്രദേശത്ത് ജാഗ്രതാ നിർദേശവുമുണ്ടായിരുന്നു. ഇന്ന് രാവിലെ എസ്റ്റേറ്റിൽ കനത്ത മഞ്ഞായിരുന്നു. മഞ്ഞുമൂലം കാട്ടാന അടുത്തെത്തിയത് ഒച്ചു തേവർ കണ്ടില്ല. തുടർന്ന് ആനയുടെ മുന്നിൽ അകപ്പെട്ട ഇദ്ദേഹത്തെ ആന ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒച്ചു തേവരെ കണ്ടെത്തിയത്.
ഒച്ചു തേവരുടേ മകളുടെ പേരിലുള്ളതാണ് ഈ കൃഷിത്തോട്ടം. ഇവിടെ താമസിച്ച് തോട്ടത്തിലെ കാര്യങ്ങൾ നോക്കി നടത്തിവരികയായിരുന്നു അദ്ദേഹം. പൂപ്പാറ മേഖലയിൽ കാട്ടാന ആക്രമണം നിരന്തരമായി തുടരുകയാണ്. ഇതിനുമുൻപും സമാനമായ രീതിയിൽ ഇവിടെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കാട്ടാനകളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ഇതിനിടെ, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബന്ധുക്കളുടെ അനുമതിയില്ലാതെ ഒച്ചു തേവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളജിലേക്ക് പൊലീസ് മാറ്റിയെന്നാണ് ഉയർന്ന പരാതി. നെടുങ്കണ്ടം - കമ്പംമെട്ട് വഴി രഹസ്യമായാണ് മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എന്നാൽ, ഇടുക്കി മെഡിക്കൽ കോളജിൽ നിലവിൽ സർജൻ ഇല്ലാത്തതിനാലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അതിവേഗം തമിഴ്നാട്ടിലേക്ക് മാറ്റിയത് എന്നാണ് പൊലീസ് ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം.
%20(1).jpg)
0 Comments