‘കർഷകരെ ഇല്ലാതാക്കിക്കൊണ്ടുള്ള വികസനം വേണ്ട’: പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് വിജയ്


ചെന്നൈ∙ തമിഴ്നാട്ടിൽ വൻ പ്രതിഷേധത്തിനു കാരണമായിരുന്ന പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. സർക്കാർ പ്രതിഷേധക്കാർക്കൊപ്പമാണെന്നും വിജയ് പറഞ്ഞു. ചെന്നൈയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള പരന്തൂരിൽ വിമാനത്താവളം വരുന്നത് കൃഷിക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുമെന്നാരോപിച്ച് വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

അധികാരത്തിലെത്തുന്നതിനു മുൻപേ തന്നെ പ്രതിഷേധക്കാർക്കൊപ്പമെന്ന നിലപാടാണ് വിജയ്‌യുടെ ടിവികെ പാർട്ടി സ്വീകരിച്ചിരുന്നത്. ‘‘നമ്മൾ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുകയാണ്. വിമാനത്താവളം വേണ്ടെന്ന സമരക്കാരുടെ ആവശ്യത്തിനൊപ്പം ഞാനും ഉറച്ചു നിൽക്കുന്നു’’ – വിജയ് പറഞ്ഞു. 2024 ഒക്ടോബറിൽ വിക്രവണ്ടിയിൽ നടന്ന യോഗത്തിനിടെ തന്നെ വിമാനത്താവളം വേണ്ടെന്നു താൻ തീരുമാനമെടുത്തിരുന്നെന്നും വിമാനത്താവളങ്ങൾ വ്യവസായ വികസനത്തിന് ആവശ്യമാണെങ്കിലും കർഷകരുടെ ക്ഷേമം ഇല്ലാതാക്കിക്കൊണ്ട് അത്തരം പദ്ധതികൾ കൊണ്ടുവരേണ്ടതില്ലെന്നും വിജയ് പറഞ്ഞു.

ഡിഎംകെ സർക്കാരിന്റെ കാലത്ത്, പരന്തൂരിൽ വിമാനത്താവളം നിർമിക്കുന്നതിന് 2025 ഏപ്രിലിൽ സിവിൽ വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നു. കാഞ്ചീപുരം ജില്ലയിലാണ് പരന്തൂർ. അതേസമയം, പദ്ധതിയെക്കുറിച്ചു തെറ്റിദ്ധാരണ പ്രചരിപ്പിക്കാതെ ഫയൽ തുറക്കാൻ ധൈര്യം കാണിക്കണമെന്ന് ഡിഎംകെ വിജയ്‌യെ വെല്ലുവിളിച്ചു. അല്ലാത്ത പക്ഷം, നിയമസഭയിൽ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്നും ഡിഎംകെ ഭീഷണിപ്പെടുത്തി. തമിഴ്നാടിന്റെ വളർച്ചയ്ക്കുണ്ടാകുന്ന തിരിച്ചടിയാണ് വിജയ്‌യുടെ തീരുമാനമെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ പ്രതികരിച്ചു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി തമിഴ്നാടിന്റെ വികസനത്തെ പിന്നോട്ടടിക്കരുതെന്നും അദ്ദേഹം പറഞ്ഞു 

Post a Comment

0 Comments