ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം: പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് കുടുബം

 



മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം. മരണത്തിലേക്ക് നയിച്ച നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഷൗക്കത്തിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാതെ പൊലീസ് കുടുംബത്തിന് തിരികെ നല്‍കിയതാണ് വിവാദമായിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ ഷൗക്കത്തിന്റെ ഫോണ്‍ പൊലീസ് കൊണ്ടുപോയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു. പാറ്റേണ്‍ ലോക്കിലുള്ള ഫോണ്‍ തുറക്കാന്‍ നിലവില്‍ സാധിക്കുന്നില്ലെന്ന് ബന്ധു സക്കീര്‍ പറഞ്ഞു. മരണത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളും പുറത്തുവരാത്ത തെളിവുകളും ഈ ഫോണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മരണത്തിന് പിന്നിലെ പ്രേരണ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഷൗക്കത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Post a Comment

0 Comments