തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. എസ്.എ.പി ക്യാമ്പിലെ സി.പി.ഒ ശ്രീജിത്തിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് സംഭവത്തിൽ അഖിൽ കൃഷ്ണദേവ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓണാഘോഷ പരിപാടികളുടെ സമയപരിധി കഴിഞ്ഞതിനെ തുടർന്ന് മാനവീയം വീഥിയിൽ കൂട്ടംകൂടി നിന്നവരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പ്രതി, ഹെൽമെറ്റ് കൊണ്ട് പൊലീസിനെ ആക്രമിച്ചത്. "ഞങ്ങളെ ഇവിടെനിന്ന് മാറ്റാൻ നീ ആരാടാ" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.
തലയ്ക്ക് പിന്നില്‍ പരിക്കേറ്റ ശ്രീജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് തലയിൽ തുന്നലുകളുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

0 Comments