'ബ്രൂണെയിലുള്ളത് സുകുമാരക്കുറുപ്പല്ല, ദാമോദര മേനോൻ തന്നെ'; നിർണായക വിവരങ്ങൾ പുറത്ത്

 



തൃശൂർ: ബ്രൂണെയിൽ കണ്ടെത്തിയത് സുകുമാരക്കുറുപ്പിനെയല്ല, ദാമോദര മേനോനെ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. അസുഖബാധിതനായ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നോർക്ക നേരത്തെ ഇടപെട്ടിരുന്നതായും ഇതിനായി ഒരു മാസം മുമ്പ് സർക്കാരിന് കത്ത് നൽകിയിരുന്നതായും കണ്ടെത്തൽ. ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആവശ്യപ്രകാരമാണ് നോർക്ക കത്തയച്ചത്.

ഈ കത്തിൽ ദാമോദര മേനോന്റെ വിശദ വിവരങ്ങൾ ഉൾപ്പെടുന്നുണ്ട്. കുറുപ്പ് അല്ലെന്ന ബന്ധുക്കളുടെ വാദം ശരി വെക്കുന്നതാണ് നോർക്കയുടെ ഈ കത്ത്. കത്തിലെ പാസ്പോർട്ട് നമ്പറും പ്രചരിച്ച പാസ്പോർട്ടിലെ നമ്പറും ഒന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ബ്രൂണെയിൽ താമസമാക്കിയ കരുമത്ര സ്വദേശി ദാമോദര മേനോനെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. അസുഖബാധിതനാണെന്നും പരിക്കുപറ്റി ചികിത്സയിൽ ആണെന്നും ‌ദാമോധര മേനോൻ അറിയിച്ചിരുന്നു.

പുറത്തുവന്ന വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദാമോദര മേനോനുമായി സഹോദരൻ കരുണാകരൻ സംസാരിച്ചിരുന്നു. ബ്രൂണെയിൽ സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളുടേതെന്ന് പറയപ്പെടുന്ന പാസ്‌പോർട്ട് ചിത്രവും ചർച്ചയായത്. ചിത്രം സുകുമാരക്കുറുപ്പിന്റേതാണോ എന്നതിൽ വ്യക്തത വരുന്നതിന് മുമ്പുതന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പതിറ്റാണ്ടുകളായി ദുരൂഹമായി തുടരുന്ന സുകുമാരക്കുറുപ്പ് കേസിൽ പല ഘട്ടങ്ങളിലും പുതിയ സൂചനകൾ ഉയർന്നിട്ടുണ്ട്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലഭിച്ച വിവരങ്ങൾ പിന്നീട് സ്ഥിരീകരിക്കപ്പെടാതെ പോയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്

Post a Comment

0 Comments