വാടക തർക്കം: കൊല്ലം ചിതറയിൽ വീട്ടുടമകൾ വീട് ഇടിച്ചുനിരത്തി




 കൊല്ലം: വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു നിരത്തി. കൊല്ലം ചിതറയിലാണ് സംഭവം. വീട് ഒഴിഞ്ഞു നൽകാത്തതാണ് കാരണം. എട്ടുവർഷമായി ഈ വീട്ടിൽ താമസക്കാരായ അബ്ദുൽ വാഹിദും ഭാര്യ സുഹറ ബീവിയും സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് ഉടമകളായ അൻവറും ദിൽവറും ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തിയത്.

വീട് ഒഴിഞ്ഞുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കത്തിൽ 10 ദിവസം മുമ്പ് കുടുംബം കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങിയിരുന്നു. സ്റ്റേ നിലനിൽക്കെയാണ് ഉടമകളുടെ ഈ നടപടി. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും അലമാരയും കട്ടിലും ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും വെട്ടിപ്പൊളിച്ച് നശിപ്പിച്ചതായി സുഹറ ബീവി പറഞ്ഞു.

വാടക തർക്കം സംസാരിച്ചുതീർക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ വിളിച്ചുവരുത്തിയ സമയത്തായിരുന്നു ഇടിച്ചുനിരത്തിയത്. സ്റ്റേഷനിൽ നിന്ന് തിരികെയെത്തിയ കുടുംബം കണ്ടത് തകർന്നടിഞ്ഞ വീടാണ്. സംഭവത്തിൽ അബ്ദുൽ വാഹിദും ഭാര്യയും പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments