ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ മലയാളി താരം സുദേവ് നായരെ പ്രശംസിച്ച് കന്നഡ സൂപ്പർ താരം യാഷ്. സുദേവിന്റെ ആത്മാർഥമായ ഇടപെടലും പിന്തുണയുമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ സിനിമയുടെ നിർമാണത്തിന് കരുത്തായതെന്ന് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ യാഷ് വ്യക്തമാക്കി. ബെംഗളൂരുവിൽ നടന്ന ട്രെയിലർ ലോഞ്ചിലായിരുന്നു യാഷിന്റെ പ്രതികരണം.
കന്നഡയിൽ ‘ആസ്ഥാന കലാവിദ’ (ആസ്ഥാന കലാകാരൻ) എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ നിർമാണത്തിന്റെ ആദ്യഘട്ടം മുതൽ എന്തിനും ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് സുദേവെന്ന് യാഷ് ഓർമിച്ചു. “സിനിമയുടെ തുടക്കത്തിൽ അപ്രതീക്ഷിത തടസങ്ങൾ നേരിട്ടപ്പോഴൊക്കെ ടോക്സിക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു സുദേവ്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു,” എന്ന് യാഷ് പറഞ്ഞു. അത്രയും വലിയൊരു പോരാട്ടമായിരുന്നു ഈ ചിത്രത്തിന്റെ നിർമാണമെന്നും നിർമാതാവ് വെങ്കട് കെ. നാരായണയുടെ പിന്തുണയും ഇതിൽ നിർണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാഷിനൊപ്പം പ്രവർത്തിച്ച അനുഭവം സുദേവ് നായരും മുമ്പ് പങ്കുവെച്ചിരുന്നു. യാഷ് വലിയൊരു മാസ് താരമെന്നതിനപ്പുറം പ്രേക്ഷകരോട് വലിയ ഉത്തരവാദിത്തമുള്ള മികച്ചൊരു നടനാണെന്ന് സുദേവ് ചൂണ്ടിക്കാട്ടി. യാഷും സംവിധായിക ഗീതു മോഹൻദാസും പരസ്പര ബഹുമാനത്തോടെയും അഭിപ്രായങ്ങൾ സ്വീകരിച്ചുമാണ് പ്രവർത്തിക്കുന്നതെന്നും സെറ്റിൽ യാതൊരുവിധ ഈഗോ ക്ലാഷുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

0 Comments