കൊച്ചി: അനുമതിയില്ലാതെ നടത്തിയ വിവാദ വിദേശയാത്രാ കേസിൽ ഡിജിപി എസ്.ശ്രീജിത്തിനും ആഭ്യന്തരവകുപ്പിനും നോട്ടീസയച്ച് ഹൈക്കോടതി. വിജിലൻസ് അന്വേഷണം വേണമെന്ന ഹരജിയിലാണ് നോട്ടീസ്. ഡിജിപിയും സർക്കാരും ആഗസ്റ്റ് 31ന് മറുപടി നൽകണമെന്നും ഹൈക്കോടതിയുടെ നോട്ടീസിലുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ അനുമതിയില്ലാതെ വിദേശത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.
അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ശ്രീജിത്തിന്‍റെ ക്ലീൻ ചിറ്റ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം പരിഗണിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സർക്കാരിനെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു.
എസ്.ശ്രീജിത്തിനെതിരായ പരാതിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ ആഭ്യന്തരസെക്രട്ടറി തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിർദേശം. എന്നാൽ, സമയപരിധിക്കുള്ളിൽ തീരുമാനം അറിയിക്കാത്തതിനെ തുടർന്ന് ആഭ്യന്തരസെക്രട്ടറി സാവകാശം തേടുകയായിരുന്നു. ഈ ആവശ്യം കോടതി തള്ളുകയും ചെയ്തു. പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

0 Comments