'പുലിക്കളിക്കാരേ, നിങ്ങള്‍ പുലികളാണ്, ചുവടുകള്‍ തുടരുക'; വി.കെ ശ്രീരാമനെ തള്ളി സാംസ്‌കാരിക മന്ത്രി




 തിരുവനന്തപുരം: പുലിക്കളിയുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ വി.കെ ശ്രീരാമന്റെ പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിലുയര്‍ന്ന വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. ബോഡി ഷെയ്മിങ്ങ് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ചു നമ്മെ എല്ലാം കാണാന്‍ പഠിപ്പിച്ച പ്രിയപ്പെട്ട വി.കെ ശ്രീരാമനില്‍ നിന്നും അത്തരം ഒരു പരാമര്‍ശം ഉണ്ടായത് എന്നെയും വേദനിപ്പിച്ചു. പുലിക്കളിക്ക് ഈ വര്‍ഷം മുതല്‍ സര്‍ക്കാരില്‍ നിന്ന് നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി സമൂഹമാധ്യമ കുറിപ്പില്‍ പറഞ്ഞു.


പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും, ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു വി.കെ ശ്രീരാമന്‍ സമൂഹമാധ്യമ പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്. ഇത് വിവാദമാകുകയും വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. പിന്നാലെ വി.കെ.ശ്രീരാമന്‍ തന്റെ വാക്കുകളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മന്ത്രി പി.സി വിഷ്ണുനാഥിന്റെ പോസ്റ്റ്

ഈ ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണ്. പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ വിവാദം ഒഴിവാക്കേണ്ടിയിരുന്നതാണ്. ആ വിവാദത്തിന് ഇടയാക്കിയ പരാമര്‍ശം ഞാന്‍ ശ്രദ്ധിച്ചു. ബോഡി ഷെയ്മിങ്ങ് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ചു നമ്മെ എല്ലാം കാണാന്‍ പഠിപ്പിച്ച പ്രിയപ്പെട്ട വി.കെ ശ്രീരാമനില്‍ നിന്നും അത്തരം ഒരു പരാമര്‍ശം ഉണ്ടായത് എന്നെയും വേദനിപ്പിച്ചു. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല; എതിര്‍ക്കപ്പെടേണ്ടതുമാണ്.

കാലാകാലങ്ങളായി പരിഷ്‌കരിക്കപ്പെടുന്നതിലൂടെ സമകാലികത ഉറപ്പിച്ചാണ് പുലിക്കളിയെന്ന കലാരൂപം മുന്നോട്ടു പോകുന്നത്. പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകള്‍ പങ്കാളികളായി. ആ മാറ്റത്തെ സ്വീകരിച്ച പുലിക്കളി സംഘങ്ങളെ അഭിനനന്ദിക്കുന്നു. ചായം പൂശി പുലികളാകാനും നൃത്തം ചെയ്യാനും പുലികളും കലാകാരന്മാരും എടുക്കുന്ന സമയവും സമര്‍പ്പണവും ആശ്ചര്യപ്പെടുത്തുന്നതാണ്.

കേരളത്തില്‍ മാത്രമുള്ളതല്ല പുലിക്കളി എന്നോര്‍ക്കുക. തമിഴ്‌നാട്ടിലെ പുലിയാട്ടം, കര്‍ണാടകയിലെ ഹുലി വേഷ, ഒഡിഷയിലെ കടുവ നൃത്തമായ- ബാദ് നാച്, മഹാരാഷ്ട്രയിലെ മാനവി വാഗ് തുടങ്ങിയ പുലിക്കളികള്‍ രാജ്യത്തുണ്ട്. വിയറ്റ്‌നാമില്‍ പുലിയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം നൃത്തമായി അവതരിപ്പിക്കുന്നുണ്ട്. മലേഷ്യയില്‍ ചൈനയിലും സിംഹനൃത്തത്തിനു സമാനമായി കടുവ നൃത്തം ചെയ്യുന്നു, തനിമകളെ അകറ്റി ഐശ്വര്യം കൊണ്ടുവരാന്‍. മെക്‌സികോയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടുവ നൃത്തമുണ്ട്. കടുവയുടെ മുഖവും മയില്‍പീലിയും വെച്ചുള്ള നൃത്തം ഇന്തോനേഷ്യയിലുണ്ട്.

ലോകോത്തരമായ ഒരു കലാരൂപമാണ് പുലിക്കളി. സാംസ്‌കാരിക- ടൂറിസം വകുപ്പുകള്‍ പുലിക്കളിയുടേയും കലാകാരന്മാരുടേയും സംഘങ്ങളുടേയും ക്ഷേമം ഉറപ്പാക്കും. പുലിക്കളിക്ക് ഈ വര്‍ഷം മുതല്‍ സര്‍ക്കാരില്‍ നിന്ന് നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന സന്തോഷം കൂടി ഇതോടൊപ്പം പങ്കുവെക്കുന്നു. പുലിക്കളിക്കാരോടാണ്, നിങ്ങള്‍ പുലികളാണ് ചുവടുകള്‍ തുടരുക

Post a Comment

0 Comments