പ്രതിപക്ഷ ഉപനേതൃസ്ഥാനം; പിണറായിയുടേത് പദവിക്കും രാഷ്ട്രീയ പക്വതക്കും നിരക്കാത്ത പ്രസ്താവനയെന്ന് ബിനോയ് വിശ്വം

 



തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിന് തന്നെയെന്ന് പിണറായി വിജയൻ പറഞ്ഞെങ്കിൽ അദ്ദേഹത്തിന്‍റെ പദവിക്കും രാഷ്ട്രീയ പക്വതക്കും നിരക്കാത്ത പ്രസ്താവനയാണതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. വിഷയം ഇപ്പോഴും തർക്ക വിഷയമാണ്. തർക്ക വിഷയങ്ങൾ തീർക്കേണ്ടതും ഉഭയ കക്ഷി ചർച്ചയിലൂടെയാണെന്നും ബിനോയ് പറഞ്ഞു.

''എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവി കഴിഞ്ഞ കുറേക്കാലമായിട്ട് സിപിഐയും സിപിഎമ്മും തമ്മിൽ നടക്കുന്ന ചർച്ചാവിഷയമാണ്. ആ ചർച്ചയിൽ സിപിഐയുടെയും സിപിഎമ്മിന്റെയും ഇവിടുത്തെയും ഡൽഹിയിലെയും നേതാക്കന്മാരും ഘടകങ്ങളും ഇൻവോൾവ്ഡ് ആണ്. ഇതൊരു തർക്കവിഷയമാണ്. ആ വിഷയത്തിൽ ഇപ്രകാരം ഒരു രീതിയിൽ സഖാവ് വിജയൻ പറയും എന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമുണ്ട്.

അഥവാ അദ്ദേഹം പറഞ്ഞുവെങ്കിൽ, അദ്ദേഹം നയിക്കുന്ന പദവിക്ക്, അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കുന്ന ഒരു പ്രസ്താവനയല്ല അത്. എല്ലാ വിനയത്തോടും ഞാൻ പറയുന്നു, ഇങ്ങനെ ഒരു വിഷയത്തിലും എൽഡിഎഫിന്റെ പൊതു രാഷ്ട്രീയത്തിന്റെ രീതിയുണ്ട്. തർക്കവിഷയങ്ങൾ തീർക്കേണ്ടത് ഉഭയകക്ഷി സംഭാഷണം വഴിയാണ് എന്നൊരു പൊതു അപ്രോച്ച് ഉണ്ട്.

അപ്പോൾ ചർച്ചയ്ക്ക് വിധേയമായിട്ട് രണ്ടു പാർട്ടികളും മാറ്റിവെച്ച വിഷയത്തിൽ ഏകപക്ഷീയമായി അദ്ദേഹം അങ്ങനെ പറഞ്ഞുവെങ്കിൽ, അത് എൽഡിഎഫിന്റെ സംസ്കാരത്തിന് നിരക്കുന്ന പ്രസ്താവനയായില്ല എന്ന് ഞാൻ എല്ലാ സ്നേഹത്തോടും എല്ലാ വിനയത്തോടും അറിയിക്കുന്നു. ഇതൊന്നും പുതുമയുള്ള പ്രസ്താവനയൊന്നുമല്ല, എല്ലാ ഇപ്പോഴും അതുതന്നെയാണ് പറയുന്നത്.

സിപിഐയുടെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ദീർഘകാലമായി ഉന്നയിക്കുന്ന ഒരു വിഷയമാണ്. അതൊരു തർക്കവിഷയമാണെന്ന് ഞാനിപ്പോൾ സൂചിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഒരു വിഷയത്തിൽ, പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെയാണെന്ന് എൽഡിഎഫിനെ നയിക്കുന്ന, എൽഡിഎഫിന്റെ ചെയർമാൻ പറയുന്നത് ഏത് തരത്തിലാണ് അംഗീകരിക്കാൻ കഴിയുന്നത്?

ഞാൻ ഷാർപ്പ് ആയി പറയുകയാണ്, സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ല, ഒരു മാധ്യമത്തിനും അവകാശമില്ല. ആ അവകാശം സിപിഐക്ക് മാത്രമുള്ളതാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിനാണെന്നും ഉപനേതാവിന്‍റെ പേരുള്ള കത്ത് സ്പീക്കർക്ക് വൈകാതെ കൈമാറുമെന്നാണ് പിണറായി പറഞ്ഞത്.

Post a Comment

0 Comments