'നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സെയ്'; തമിഴ്നാട്ടിൽ വഴി തെറ്റിയ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായ പാണ്ഡ്യൻ




 കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടയിൽ രാത്രിയുണ്ടായ യാത്രാദുരിതവും, അതിനിടയിൽ അപ്രതീക്ഷിതമായി രക്ഷകനായെത്തിയ ഒരു ആരാധകന്റെ അനുഭവവും പങ്കുവെച്ച് നിർമാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വഴിയാണ് രസകരമായ സംഭവം. തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മമ്മൂട്ടിസംഘത്തിന് വഴി തെറ്റിയതോടെയാണ് തുടക്കം. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചെന്നും ഒരുമണിക്കൂറോളം വഴിയറിയാതെ ബുദ്ധിമുട്ടിയെന്നും ആന്‍റോ കുറിപ്പിൽ പറയുന്നു.


മമ്മൂട്ടിയ്ക്കും ആന്‍റോക്കും പുറമെ, ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി എന്നിവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരുമ്പോൾ പുലർച്ചെ മൂന്നരയോടെ തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഗൂഗിൾ മാപ്പ് പലവഴികളിലൂടെ ചുറ്റിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഏകദേശം ഒരു മണിക്കൂറോളം കുടുങ്ങിപ്പോയതോടെ അസ്വസ്ഥനായ മമ്മൂട്ടി തിരികെ കാരക്കുടിയിലെ റൂമിലേക്ക് മടങ്ങാമെന്നും രാവിലെ റോഡ് തുറക്കുമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഡ്രൈവർ ഉണ്ണി വണ്ടി തിരിക്കുകയും ചെയ്തു. മടങ്ങാൻ തീരുമാനിച്ചെങ്കിലും കൂടെയുണ്ടായിരുന്ന രമേഷ് പിഷാരടിയും താനും ആശങ്കയിലായിരുന്നെന്ന് ആന്‍റോ വ്യക്തമാക്കി. പ്ലാനെല്ലാം പാളി, സഹായത്തിന് വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല, ആശങ്കപ്പെടാൻ ഇതിൽപ്പരമെന്ത് വേണം.


അങ്ങനെയിരിക്കെ, പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടെത്തുകയായിരുന്നു. അവിടെ കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഒരു ചെറുപ്പക്കാരൻ ചില വഴികൾ പറഞ്ഞു കൊടുത്തുവെങ്കിലും അവയെല്ലാം നേരത്തെ ബ്ലോക്ക് ചെയ്യപ്പെട്ടവയായിരുന്നു.


ആ സമയത്ത് അല്പം ദൂരെ ഉറങ്ങിക്കിടക്കുകയായിരുന്ന മറ്റൊരു ചെറുപ്പക്കാരൻ എഴുന്നേറ്റുവന്ന് വണ്ടിയിലേക്ക് നോക്കി ചോദിച്ചു: "നീങ്ക മലയാളികളാ?"

തുടർന്ന് കാറിനുള്ളിലേക്ക് നോക്കിയ ആ യുവാവിന്റെ മുഖത്ത് ആവേശവും അത്ഭുതവും അലയടിച്ചു. ഉറക്കച്ചടവൊക്കെ ഒറ്റനിമിഷം കൊണ്ട് മാറി അയാൾ വിളിച്ചുപറഞ്ഞു: "നീങ്ക മമ്മൂട്ടി സാറാ!! എന്നെ ഫോളോ സെയ്‌...."


കുറിപ്പിന്‍റെ പൂർണരൂപം:

'അതിരുകടന്ന സ്നേഹം....

“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”

പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു.

മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ;കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...

തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.

അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”

ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.

പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ

എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.

പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട് ;അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക്‌ ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”

പിന്നെ കാറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്‌....ഒരു ബൈക്കിൽ

10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ 


“അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി.....

ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...

മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി....അയാളെ ചേർത്തു പിടിച്ചു

ഉൻ പേരെന്ന?


....പാന്ധ്യൻ....

മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു. .

അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ

PANDYAN


PAN INDIAN ആകട്ടെ '

Post a Comment

0 Comments