പയ്യന്നൂരിലും തളിപ്പറമ്പിലും തിരിച്ചുവരവിനായി സിപിഎം; രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കും

 



കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ പൊതുയോഗവുമായി സിപിഎം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രണ്ട് മണ്ഡലങ്ങളിലെ യോഗങ്ങളിലും സംസാരിക്കും. തെരഞ്ഞെടുപ്പ് അവലോകനം പൂർത്തിയായതിന് പിന്നാലെയാണ് പൊതുയോഗം. രണ്ടിടങ്ങളിലും സ്ഥാനാർഥി നിർണയം പാളിയെന്ന് സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു. ആഗസ്റ്റ് 29ന് പയ്യന്നൂരിലും പെരിങ്ങോത്തും 30ന് മയ്യിലിലും 31ന് തളിപ്പറമ്പിലും പൊതുയോഗങ്ങൾ നടക്കും.

തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിശകലന റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നത്. ഇരുമണ്ഡലങ്ങളിലെയും ജില്ലാ കമ്മിറ്റിയുടെ സ്ഥാനാർഥിപട്ടിക അംഗീകരിച്ചതിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും കമ്മിറ്റിക്കും വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ. പയ്യന്നൂരിലെ തോൽവി വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോർട്ടിലുണ്ട്.

ജി.സുധാകരനും ടി.കെ ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും ഉൾപ്പെടെയുള്ള പാർട്ടി വിമതർ യുഡിഎഫിനൊപ്പം ചേർന്ന് സ്ഥാനാർഥികളായതും തിരിച്ചടിയായെന്നാണ് വിശകലനറിപ്പോർട്ട്. പിന്നാലെ, നടക്കാനിരിക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്തുപറയുമെന്നത് ഉറ്റുനോക്കുകയാണ് സിപിഎം പ്രവർത്തകർ. കാൽ നൂറ്റാണ്ടിന് ശേഷമാണ് തളിപ്പറമ്പിൽ ഒരു എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെടുന്നത്.

Post a Comment

0 Comments