ഗുജറാത്തിൽ 'ജെൻ സി' തന്ത്രവുമായി കോൺഗ്രസ്; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ ഇറക്കാൻ നീക്കം

 







ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി കോൺഗ്രസ്.

നിലവിലെ സാഹചര്യങ്ങളില്‍ യുവാക്കളുടെ സ്വാധീനം നിർണ്ണായകമാണെന്ന് വ്യക്തമാക്കിയ മുതിർന്ന നേതാക്കൾ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ യുവമുഖങ്ങൾക്ക് അവസരം നൽകാൻ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ഡയും നിയമസഭാ കക്ഷി നേതാവ് തുഷാർ ചൗധരിയും കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി പാർട്ടി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറയിൽ പെട്ടവർക്ക് വൻതോതിൽ സീറ്റുകൾ നൽകി സ്ഥാനാർത്ഥികളാക്കാൻ തീരുമാനമായത്.

അതേസമയം അമിത് ചാവ്ഡ ചുമതലയേറ്റ് ഒരു വർഷം കഴിഞ്ഞിട്ടും പുനഃസംഘടിപ്പിക്കാൻ സാധിക്കാതിരുന്ന സംസ്ഥാന സംഘടനാ സംവിധാനം ഉടൻ പ്രഖ്യാപിക്കും. പാട്ടീദാർ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ 2017ൽ 77 സീറ്റുകൾ നേടി കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ, ജിഗ്നേഷ് മേവാനി തുടങ്ങിയ യുവ പ്രക്ഷോഭകരെ മുൻനിർത്തിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 2022ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 17 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു.

തുടർന്ന് ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ തുടങ്ങിയ പ്രധാന യുവനേതാക്കൾ ബിജെപിയിൽ ചേരുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അപാകതകൾ പരിഹരിച്ച് യുവ വോട്ടർമാരെ ആകർഷിക്കുന്നതിലൂടെ ഗുജറാത്തിൽ വീണ്ടും പഴയ പ്രതാപം വീണ്ടെടുക്കാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Post a Comment

0 Comments